സന്ദേഹിയുടെ സംവാദങ്ങൾ

Readers Ink

സന്ദേഹിയുടെ സംവാദങ്ങൾ


ഇ.എം. എസിനെ കുറിച്ചുള്ള വിമർശനനിരീക്ഷണങ്ങളിൽ ശ്രദ്ധേയമായ ഒരെണ്ണം ഒ.വി. വിജയന്റേതാണ്. ഇ.എം. എസിനു സന്ദേഹങ്ങളില്ലെന്നു വിജയൻ പറഞ്ഞു. അധൃഷ്യമായ ഏതോ ഉറപ്പിൽ നിന്നുകൊണ്ടാണ് ഇ.എം.എസ് എഴുതുന്നതെന്ന്, സംസാരിക്കുന്നതെന്നു വിജയൻ. സോഷ്യലിസത്തിന്റെ മുന്നോട്ടുള്ള നേർരേഖീയയാത്രയെ സന്ദേഹങ്ങളില്ലാതെ ഉൾക്കൊള്ളുകയും മനുഷ്യൻ കുരങ്ങിലേക്കു തിരിച്ചുപോകുമോയെന്നു ചോദിക്കുകയും ചെയ്തിരുന്ന ഇ.എം. എസിന്റെ സൈദ്ധാന്തികമായ പിടിവാശിയേയും ഉറപ്പിനേയുമാണ് വിജയൻ എതിർവാക്കുകൾകൊണ്ട് നേരിട്ടത്. ഒ.വി. വിജയൻ ഈ വിമർശനം എഴുതുമ്പോൾ സ്വയം ഉള്ളിലേക്കു നോക്കുന്നുണ്ടായിരിക്കണം. തന്നിലുള്ളത് ഇ എം എസിൽ ഇല്ലെന്നു പറയുകയായിരുന്നു വിജയൻ. ഒരു സന്ദേഹിയെന്ന് സ്വയം വിജയൻ തിരിച്ചറിഞ്ഞിരുന്നുവല്ലോ. വിജയന്റെ രചനകളിലെല്ലാം, നോവലുകളോ കഥകളോ ലേഖനങ്ങളോ കാർട്ടൂണുകളോ ആയിക്കൊള്ളട്ടെ, ഈ ലോകത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ നിറഞ്ഞിരുന്നു. വിജയന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ ആ രചനകളെല്ലാം സന്ദേഹിയുടെ സംവാദങ്ങളായിരുന്നു. സന്ദേഹിയുടെ സംവാദങ്ങൾ എന്നത് അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിന്റെ ശീർഷകമായിരുന്നല്ലോ? കാലത്തിന്റെയും ജീവിതത്തിന്റെയും മഹാപ്രവാഹത്തിൽ ഉറച്ച നിശ്ചയങ്ങളും തീർപ്പുകളുമായി നിൽക്കുന്നതിന് ഒലിച്ചുപോകാനേ കഴിയൂ. മാറിക്കൊണ്ടിരിക്കുന്നത്, ചരിച്ചു നിൽക്കുന്നത്, നിലനിൽക്കുന്നതിനെ കുറിച്ചു സന്ദേഹിക്കുന്നതുമാത്രം പിടിച്ചു നിൽക്കും. സന്ദേഹം മാറ്റത്തിനുള്ള പ്രേരണ കൂടിയാണ്. അറിഞ്ഞതിനെക്കുറിച്ചുള്ള ഉറപ്പുകളേക്കാൾ അജ്ഞാതമായതിനെ കുറിച്ചുള്ള ആകുലതകൾ സന്ദേഹിയിൽ ശക്തമായി പ്രവർത്തിക്കുന്നു. അത് സന്ദേഹിയുടെ സ്വാസ്ഥ്യം കവരുന്നു. സന്ദേഹത്തിന്റെ കരുത്താണ് വിജയന്റെ കൃതികളുടെ സർഗാത്മകതയെ ഉയർത്തി നിർത്തിയതെന്നുകൂടി പറയണം. എന്നാൽ, സന്ദേഹങ്ങളിലൂടെയുള്ള യാത്ര നൂൽപ്പാലത്തിലൂടെയുള്ള യാത്രയാണ്. അത് സർഗാത്മകതയ്‌ക്കെന്നപോലെ പ്രതിലോമപരതയ്ക്കും കാരണമായി തീർന്നേക്കാം.

വിജയന്റെ സാഹിത്യകൃതികൾ ആധുനികതാവാദത്തിന്റെ കള്ളിയിൽ ഉൾപ്പെടുത്തിയാണ് ഏറെയും വികലനം ചെയ്യപ്പെട്ടത്. ഖസാക്കിന്റെ ഇതിഹാസമെന്ന നോവൽ ആധുനികതാവാദത്തിന്റെ വലിയ സാഫല്യമായി വിലയിരുത്തപ്പെട്ടിരുന്നു. ആധുനികതാവാദ (Modernism))ത്തിന് ആധുനികത (Modernity)യുമായി വലിയ ബന്ധമുണ്ടായിരുന്നില്ലെന്നാണ് പറയേണ്ടത്. വ്യക്തിവാദത്തിന്റെ തുടർച്ചയായി പ്രത്യക്ഷപ്പെട്ട ഒരു അസ്തിത്വവാദദർശനത്തിന്റെ തലത്തിൽനിന്നു നോക്കിക്കൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ നവീനതയുടെ മൂല്യങ്ങളെക്കുറിച്ചു പറയപ്പെട്ടത്. രവി എന്ന നായകസ്വരൂപത്തെ സങ്കൽപ്പിക്കുന്ന വായനയായിരുന്നു അത്. രവി എന്ന നായകനിർമ്മിതിയിലൂടെ സാദ്ധ്യമായ വ്യക്തിവാദത്തെ ഒഴിച്ചു നിർത്തിയാൽ, ആധുനികതയുടെ മഹത്തായ സ്തംഭങ്ങളെന്നു കരുതുന്ന കാരണയുക്തിയോ ശാസ്ത്രീയതയോ മതേതര-ഐഹികതയുടെ മൂല്യങ്ങളോ ഖസാക്കിൽ നിന്നും കണ്ടെടുക്കുക പ്രയാസമായിരിക്കും. മലയാളത്തിലെ ആധുനികതാവാദത്തിന് ആധുനികതയുമായി വലിയ ബന്ധമില്ലെന്നും പാശ്ചാത്യനാടുകളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട് ഒരു പ്രത്യയശാസ്ത്രമെന്നപോലെ ആധുനികതാവാദത്തിന്റെ നിരൂപകന്മാർ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച അസ്തിത്വവ്യഥയുമായി ബന്ധപ്പെട്ട ഒരു ആശയലോകമായിരുന്നു അതെന്നും മനസ്സിലാക്കുമ്പോൾ അതിന്റെ ഉള്ള് കൂടുതൽ തെളിഞ്ഞുകിട്ടും. ആധുനികതാവാദത്തിന്റെ ലാവണ്യവാദാത്മകവും വ്യക്തിവാദപരവുമായ നിരൂപണങ്ങൾക്ക് അസാദ്ധ്യമായിരുന്ന വായനകൾ പിന്നീട് സംഭവിക്കുന്നുണ്ട്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തിന്റെ ആവിഷ്‌കരണമായി ഖസാക്കിനെ നോക്കിക്കാണുന്നവരുടെ രചനകൾ പിൽക്കാലത്തുണ്ടാകുന്നുണ്ടല്ലോ? എന്നാൽ, ആധുനികതയും പാരമ്പര്യവും തമ്മിലുള്ള വളരെ പ്രത്യക്ഷവും രൂക്ഷവുമായ ഒരു സംഘർഷം ഈ നോവൽ ആവിഷ്‌കരിക്കുന്നില്ല. സർക്കാരിന്റെ സാക്ഷരതയുടെ സന്ദേശവുമായി ഖസാക്കിലേക്ക് എത്തിച്ചേരുന്ന രവി താൻ പ്രചരിപ്പിക്കേണ്ടുന്ന ജ്ഞാനത്തോട് വലിയ മതിപ്പു പ്രകടിപ്പിക്കുന്നില്ല. അയാൾ അതിനോട് ഒട്ടും തന്നെ പ്രതിജ്ഞാബദ്ധനുമല്ല. ഖസാക്കിൽ ഇങ്ങനെയൊരു സ്‌കൂളിന്റെ ആവശ്യമില്ലെന്ന മൊല്ലാക്കയുടെ പാരമ്പര്യവിശ്വാസവുമായി രവിയുടെ മൂല്യങ്ങൾ ശത്രുതാപരമായ സംഘർഷത്തിലേക്കു നീങ്ങുന്നില്ല. രവി മൊല്ലാക്കയുമായി സമവായത്തിലാണ് നീങ്ങുന്നത്. രവി തന്റെ ദൗത്യത്തിൽ അകമഴിഞ്ഞ വിശ്വാസത്തോടെ പ്രവർത്തിക്കുന്നില്ല. അയാൾ തന്റെ ദൗത്യത്തിൽ കാര്യമായി വിജയിക്കുന്നുമില്ല. ആധുനികതയെക്കുറിച്ചു ഘോഷിക്കപ്പെട്ടിരുന്ന ആശയലോകങ്ങൾക്കു പകരം ലോകയുദ്ധങ്ങൾക്കും ഹിരോഷിമയ്ക്കും അധികാരപ്രമത്തതകൾക്കും ശേഷം സൃഷ്ടിക്കപ്പെട്ട സന്ദേഹങ്ങളാണ് ഒ.വി.വിജയനിൽ പ്രവർത്തിച്ചിരുന്നതെന്ന് ഖസാക്കിനെയെന്നപോലെ പിൽക്കാല രചനകളേയും ചൂണ്ടി പറയാമെന്നു തോന്നുന്നു.


Related Articles