സരിഗയക്ഷി

Readers Ink

സരിഗയക്ഷി


തേങ്ങമുറിക്ക് നെറുകം തലക്കുള്ള അടിയായിരുന്നു. നാലഞ്ച് വട്ടം. തല പെരുത്ത് കണ്ണിൽ ഇരുട്ട് കയറിയപ്പോൾ സരിഗ കുത്തി ഇരുന്നു പോയി. സന്ധ്യയെക്കാൾ കനം കൂടിയ ഇരുട്ട്. ജീവിതമാകെ ചുറ്റും കറങ്ങുന്നപോലെ തോന്നി. അതുവരെയുണ്ടായിരുന്ന ഒച്ചയും ബഹളവുമെല്ലാം തേഞ്ഞ് മങ്ങിയിരിക്കുന്നു ഒരുപാടകലത്ത് നിന്നെന്നപോലെ സന്തോഷിന്റെയും ബിന്ദുവിന്റെയും ഒച്ചപ്പാടും തെറിവിളിയും കേട്ടു

സരിഗ കയ്യൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചു, കയ്യും കാലും നിലത്തുറക്കാതെ കുഴഞ്ഞ് പോകുന്നു 'അമ്മേ ദേവീ '.. അവൾ ഒരുപാട് നാള് കൂടി ദൈവത്തെ വിളിച്ചു. നയന മോൾ വീട്ടിലൊറ്റക്കാണ്. അവൾക്ക് രണ്ടര വയസേ ആയിട്ടുള്ളൂ. ഒച്ചപ്പാടും ബഹളവും കേൾക്കണ്ട എന്ന് വിചാരിച്ചിട്ടാണ് ഫോണിൽ കാർട്ടൂൺ വെച്ച് കൊടുത്തിട്ട് സരിഗ സന്തോഷിന്റെ വീട്ടിലേക്ക് വേഗത്തിൽ നടന്നത്.

സമയം സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. അത് വരെയും ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന സകല കലിപ്പും വലിച്ച് പുറത്തേക്കിട്ട് 'മൈരുകളേ..' ന്ന് വെളിച്ചം മങ്ങിയ വഴി ഓടി ഇറങ്ങി.


Related Articles