മരം പെയ്തതു പോലെ മഴ വീണുകൊണ്ടിരിക്കുന്ന ഒരു ഉച്ചയിലാണ് അവൾ ആ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങുന്നത്. കുറച്ചു വർഷങ്ങൾക്കുശേഷം അന്നാണ് അവൾ വീണ്ടും അവിടേക്ക് വരുന്നത്. ഇറങ്ങിയയുടൻ ആദ്യമന്വേഷിച്ചത് അയാളെയായിരുന്നു. പുറത്തേക്കുള്ള ഗോവണിപ്പടിയുടെ തൊട്ടു വലതായിട്ടായിരുന്നു ആ പുസ്തകകട. പക്ഷെ അവിടെയാകെ പരതിയിട്ടും അവൾക്കു അയാളെയോ ആ കടയെയോ കണ്ടെത്താനായില്ല. തിരിച്ചറിയാനാവാത്ത വിധം അവിടമാകെ മാറി പോയിരുന്നു. ലേസും പലനിറത്തിലുള്ള ശീതള പാനീയങ്ങളും തൂക്കിയിട്ട മൾട്ടി പർപ്പസ് കടകൾ പ്ലാറ്റുഫോമിൽ നിരനിരയായി കാണാം. ട്രെയിനുകൾ പ്ലാറ്റുഫോമിലേയ്ക്ക് നിർത്തുമ്പോൾ തന്നെ യാത്രക്കാർ ഓടി വന്നു പാക്കറ്റുകൾ വാങ്ങി ധൃതിയിൽ കയറിപോകും. തിരക്കുണ്ടെങ്കിലും അധികം പേരും മൊബൈലിൽ തന്നെ നോക്കിയിരിക്കുന്നു. അവരവരുടെ ട്രെയിനുകൾ എത്തുമ്പോഴേക്കും ഒരു യന്ത്രം പോലെ കയറിപോകുന്നു. മാർബിൾ പ്ലാറ്റ്ഫോമുകൾ. കാവി പൂശിയ ഇരിപ്പിടങ്ങൾ. അങ്ങനെ സ്റ്റേഷനാകെ കളറായിട്ടുണ്ട്. പക്ഷേ ബുക്ക് സ്റ്റാൾ മാത്രം അവിടെ കണ്ടില്ല.
അയാളെക്കുറിച്ചും ആ കടയെക്കുറിച്ചും സ്റ്റേഷനിലെ മറ്റ് കടക്കാരോട് അന്വേഷിച്ചപ്പോൾ പരിഹാസച്ചിരിയോടൊപ്പം ഏതോ അന്യഗ്രഹ ജീവിയെ കണ്ട പോലുള്ള ഒരു ഭാവവും അവൾ ശ്രദ്ധിച്ചു. കഷ്ടമായി. അയാളുടെ പേരെങ്കിലും ചോദിച്ചു വെക്കാമായിരുന്നു. നമ്പരുമില്ല. അയാളുടെ അവശേഷിപ്പായി അവളുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ആ ഒരു തുണ്ട് കടലാസും അയാൾ തന്ന ആനന്ദിന്റെ ആൾക്കൂട്ടവുമായിരുന്നു.
ഒരിക്കൽ അവൾക്ക് പോകേണ്ട ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് കണ്ട് ഗോവണി ലക്ഷ്യമാക്കി ഓടുന്നതിനിടയിലാണ് ധാരാളം മാഗസിനുകൾ തൂക്കിയിട്ട ആ പുസ്തകകട ശ്രദ്ധയിൽപ്പെടുന്നത്. അടുത്ത ദിവസം എന്തെങ്കിലും വാങ്ങാം. ട്രെയിനിലിരുന്നു വായിക്കാമല്ലോ. പിറ്റേ ദിവസം ഓഫീസിൽ നിന്നും നേരെ പുസ്തകങ്ങൾക്കിടയിലേയ്ക്കായിരുന്നു അവൾ ചെന്നത്. ആ പുസ്തക കടയിലെ സഹൃദയമുഖമായിരുന്നു അയാൾ. കുറെ നാളായി വായനയൊക്കെ മറന്നു. ഇനി ഒന്ന് പുതുക്കണം. മാഗസിനുകളുമായുള്ള ബന്ധമൊക്കെ വിവാഹത്തോടെ അവസാനിപ്പിച്ചിരുന്നപ്പോഴാണ് ഈ ജോലി അവളെ തേടിയെത്തിയത്. മാഗസിനുകൾ, പുസ്തകങ്ങൾ ഏതെടുക്കണമെന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോഴാണ് "ഇന്നലെ ഓടിയിട്ടു ട്രെയിൻ കിട്ടിയോ?" എന്നൊരു കുശാലാന്വേഷണം കേട്ടത്. പക്ഷേ കേട്ടു ശീലിച്ച മലയാളത്തിൽ നിന്നും വ്യത്യസ്തമായ ഒരു മലയാളം. നമ്മുടെ ഭാഷയ്ക്കിത്ര ഇമ്പമുണ്ടോ എന്നതിശയിച്ചു നോട്ടം അങ്ങോട്ടേക്ക് തിരിച്ചു.
