ഉടുപ്പിൻ്റെ കോളറുകൾ ശരിയാക്കി
തലമുടി പരത്തി ചീകിയൊതുക്കി
മുഖത്താകെ പൗഡർ പൂശി വെളുപ്പിച്ച്
ഒറ്റയാൻ്റെ ഗർവ്വോടെ സ്റ്റൂളിൽ ഇരുന്നു.
ഇരുവശത്തും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞു.
ചെറിയൊരു ചൂട് പതുങ്ങിക്കൂടി.
പിന്നെ, ഇരുട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ:
തല അൽപ്പം ഇടത്തോട്ട്...
മുഖം അൽപ്പം താഴ്ത്തിപ്പിടിക്കു...
കണ്ണുകൾ അടയ്ക്കാതെ
സന്തോഷത്തോടെ ചിരിച്ച്
ഹേയ്, പല്ലുകാട്ടാതെ ചുണ്ടുകൊണ്ട്
ഇവിടേക്ക് നോക്കു...
ഒരു മിന്നൽ ഓടിവന്ന് കെട്ടിപ്പുണർന്ന് മറഞ്ഞു.
ഓകെ, ഇനി എഴുന്നേറ്റോളൂ.
പിറ്റേന്ന് കുറെ കളർചിത്രങ്ങൾ
വൈദ്യതിപോസ്റ്റുകളിലിരുന്ന് പുഞ്ചിരിച്ചു.
അതിൻ്റെ താഴെ മൂന്നു റോസാപ്പൂക്കൾ
പല നിറങ്ങളിൽ തിളങ്ങി.
