"ദേ ആ കൊമ്പിന്റെ താഴെയിരുന്നാല്‍ നമ്മളിവിടെയുണ്ടെന്ന് ഒരു മനുഷ്യനുമറിയേല, പരമസുഖം സന്തോഷം”
സൂസി പറഞ്ഞത് സത്യമാണെന്ന് മരിയയുൾപ്പെടെയെല്ലാവര്ക്കും ബോധ്യപ്പെട്ടു. വലിയ മരച്ചുവടും അതിനോട് ചേർന്ന് ഇടുങ്ങിയ രണ്ടു മുറികളും. നല്ല രസമുള്ള സ്ഥലം. തോട്ടത്തിന് കുറുകെ വിശാലമായ പുഴയോരം, പൂഴിപ്പരപ്പ്. ഒതുങ്ങിയൊഴുകിപ്പോകുന്ന വെള്ളം അത്ര വലിയ ആഴമില്ലാത്ത കുഴിയില്‍ കുറച്ചുനേരം കെട്ടിനിന്നതിനു ശേഷമാണ് താഴേക്ക് പോകുന്നത്. ആ കുഞ്ഞുവെള്ളച്ചാട്ടം കണ്ടാൽ സായിപ്പിന്റെ നാട്ടിലെ ഏതോ സ്വർഗീയ ഇടമാന്നു തോന്നുമെങ്കിലും മലയാളിയായ സൂസിയുടെ സ്വന്തം തറവാടിരിക്കുന്ന മലമ്പ്രദേശമാണ്. പലപ്പോഴായി അന്യനാട്ടിൽ നിന്ന് കേരളം കാണാൻ വരുന്ന അവളുടെ വിദേശിഫ്രണ്ട്സ് വർഗ്ഗത്തിലെ എല്ലാവർക്കും ഇമ്മാതിരി ഒരു സ്ഥലം സ്വന്തം നാട്ടിലുണ്ടെന്നു പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. വെക്കേഷന് അവറ്റകളെയെല്ലാം പെറുക്കിക്കൂട്ടി നാട്ടിലേക്ക് പോരുമ്പോൾ സംശയങ്ങൾ എല്ലാം മാറ്റിക്കൊടുക്കണം എന്ന് സൂസി നിശ്ചയിച്ചൊറപ്പിച്ചിരുന്നു.
മലമേട്ടിലെ സ്വർഗീയസുന്ദരങ്ങളായ സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞ സന്തോഷത്തിൽ സ്വദേശി കാഞ്ഞത് രണ്ടെണ്ണം അടിച്ചു വിദേശി ഫ്രണ്ട്സിന്റെ കൂടെ ഇരുന്ന് സൂസിയുടെ മനസ്സ് പഴങ്കഥകളുടെ ചുരുൾ നിവർത്താനും ഇതൾ വിടർത്താനും തുടങ്ങി.
