ഒരു ക്രിസ്മസ് രാവിൽ

Readers Ink

ഒരു ക്രിസ്മസ് രാവിൽ


ഞ്ഞു വീണ തെരുവിലൂടെ ആളുകൾ കുന്നിൻ മുകളിലെ ദേവാലയാങ്കണത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു. തെരുവുകളും വീടുകളും വർണ്ണനിറത്തിലുള്ള നക്ഷത്ര വിളക്കുകൾ തൂക്കിയും ക്രിസ്മസ്ട്രീകളും സമ്മാനപൊതികളൊ രുക്കിയും അലങ്കരിക്കുന്ന തിരക്കിലാണ് ബാലന്മാർ. വീടുകളിലെ മഞ്ഞിച്ച വെളിച്ചം ജനൽപ്പാളികളിലൂടെ പുറത്തെ നനഞ്ഞ പുൽപ്പരപ്പിൽ നീണ്ടു കിടന്നു. ഇടയ്ക്കിടെ തെരുവിലെ എലന്തമരച്ചില്ലകളെ ആട്ടിയുലച്ച് തണുത്ത കാറ്റ് വീശുന്നുണ്ട്. കരോൾ ഗാനങ്ങൾ പാടിയും നൃത്തമാടിയും താഴെ വഴിയിലൂടെ ഗായകസംഘം കടന്നു പോകുന്നു. അത്യുന്നതങ്ങളിൽ ദൈവമഹത്വവും ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനവും എന്നും വരികൾക്കിടയിൽ പാടുന്നു.

അവർ പോയ വഴിയുടെ തിരിവിൽ നിന്നും മുഷിഞ്ഞ വേഷധാരിയായ ഒരു മനുഷ്യൻ നടന്നു തെരുവോരത്തെ ഓക്കുമരച്ചോട്ടിലെത്തിയത്. അയാൾ നന്നായി കിതയ്ക്കുന്നുണ്ട്. തണുപ്പകറ്റാൻ കമ്പിളിപുതപ്പോ, തുകലിന്റെ കൈയുറയോ,ബൂട്ടുകളോ, കാതുകൾ മറച്ചു മൂടുന്ന തൊപ്പിയോ ആ മനുഷ്യൻ ധരിച്ചിരുന്നില്ല.കീറിപ്പിഞ്ഞിയ വസ്ത്രത്തിനുള്ളിലെ ശരീരം വിറയ്ക്കുന്നുണ്ട്. ചുണ്ടുകൾ വലിഞ്ഞു ചുവന്നിരുന്നു. തണുത്ത് മരവിച്ച കൈകൾ കൂട്ടിത്തിരുമ്മി കീറിവീണ കീശകളിൽ തിരുകി വച്ചു കൊണ്ടയാൾ കുന്നിൻ മുകളിലെ പ്രകാശപൂരിതമായ ദേവാലയത്തിലേക്ക് നോക്കിയിരുന്നു. പാതിര കുർബ്ബാനയ്ക്ക് ദേവാലയത്തിൽ പോകുന്നവർ ആ മനുഷ്യനെ ശ്രദ്ധിച്ചതേയില്ല.

മഞ്ഞുവീഴ്ചയ്ക്ക് ശക്തി കൂടി. ഒപ്പം വീശിയടിക്കുന്ന കാറ്റും. ഇടയ്ക്ക് മേഘമാലകൾ മാറി തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. ദൂരെ കുന്നിൻമുകളിൽ ദേവാലയത്തിൽ മണികൾ മുഴങ്ങി. ഒപ്പം സ്തുതിഗീതങ്ങളും. പ്രാർത്ഥനാഗീതം കേട്ടെന്ന പോലെ ചോലമരങ്ങൾ ശിഖരങ്ങൾ താഴ്ത്തി നിൽക്കുന്നു. വീടുകളിൽ വീഞ്ഞും കേക്കും മുറിച്ച് ആടിയും പാടിയും ക്രിസ്മസ്സ് സന്ദേശങ്ങൾ കൈമാറി ആഘോഷങ്ങൾ തുടക്കമായി.


Related Articles