കൈതപ്പൂവിന്റേയും മുളങ്കാടിന്റേയും മണം കാറ്റിൽ അടിച്ചെത്തി. എവിടെയോ പറയത്തുടിയുടെ നേരിയ ചെത്തം രാത്രിയെ കൂടുതൽ അഗാധമാക്കി. എവിടെയോ തന്റെ പരമ്പര നിലവിളിക്കുന്നതായി എരിക്ക് തോന്നി. അവരുടെ രാജ്യം നഷ്ടപ്പെട്ടതിന്റെ കരച്ചിലാണത്. ആദി മനുഷ്യപരമ്പരയുടെ വിലാപങ്ങൾ എരിയിൽ പ്രതിധ്വനിച്ചു. അയാൾ വേഗം നടന്നു. അടയാളങ്ങളോ ശേഷിപ്പുകളോ ഒന്നുമില്ലാതെ ചരിത്രത്തിൽ നിന്നും നിഷ്കാസിതരായ ഒരു ജനതയുടെ ഉൾക്കരുത്തിന്റെ പ്രതീകമായ എരി. അയാൾ പറയനെരിയായും എരിമുത്തപ്പനായും കെട്ടുകഥകളിലൂടെയും വായ്മൊഴിയിലൂടെയും തലമുറകളിലേക്ക് തിരിച്ചുവരുന്നു. ശ്രീനാരായണ ഗുരുവിനും മുൻപ് വടക്കൻ കേരളത്തിൽ ഒരു ജനതയുടെ ആത്മപ്രകാശമായും വിമോചകനായും പോരാളിയായും നിറഞ്ഞുനിന്ന അവന്റെ ചരിത്രമെഴുതാൻ ആരുമില്ലാതെ പോയി. ഓർമ്മകൾ ചരിത്രത്തിനോ ഗവേഷണത്തിനോ ഉപയുക്തമല്ലെന്നറിഞ്ഞിട്ടും തലമുറകൾക്ക് പിന്നിലെ കേൾവിയിലേക്ക് ഒരു പിടച്ചിലോടെ അയാൾ എരിയെ തേടി പോകുകയാണ്. അതിനായി പഴയ ഗ്രന്ഥതാളുകളും വിദേശസഞ്ചാരികളുടെ കുറിപ്പുകളും, കത്തുകളും കോടതി വ്യവഹാരങ്ങളും കടയിലെ പറ്റുബുക്കു പോലും ചേർത്തുവെക്കുന്നു. അവിടെയെല്ലാം എരിയുടെ അവ്യക്തരൂപങ്ങൾ നിഴലിച്ചു കിടക്കുന്നത് ചങ്കിടിപ്പോടെ അറിയുന്നു. അയാളുടെ ചരിത്രമാരും എഴുതാതെ പോയല്ലോയെന്ന് നെഞ്ചിൽ കൈവെക്കുന്നു. എരിക്ക് പിന്നാലെ പോയി ഒരു ജനതയുടെ ഇരുട്ടുമൂടിയ ചരിത്രത്തിലേക്ക് ടോർച്ച് വെട്ടമടിക്കുന്നു. 'മേലെ'നിന്ന് നോക്കുന്നവർക്കതൊരു പഠനവിഷയം അല്ലായിരുന്നിട്ടും സ്വത്വബോധത്തിന്റെ ആത്മസംഘർഷത്തിൽ എരിയുന്ന ജ്ഞാനവെളിച്ചം അയാളെ മുൻപോട്ട് നയിക്കുന്നു.
"ചേർമലയിലെ പറയക്കാവിന്റെ ഐതിഹ്യങ്ങളിൽ ഒന്നിൽ ഞാൻ വായിച്ച കഥകൾ എന്നെ അത്ഭുതപ്പെടുത്തി. സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരിണാമം ഒരു നവോത്ഥാനം തന്നെയായിരുന്നു നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടേയും കാലത്തുതന്നെ കുറുമ്പ്രനാട്ടിലെ ഒരു സാധാരണ മനുഷ്യനിൽ പ്രവർത്തിച്ചു തുടങ്ങിയ ജ്ഞാനത്തിന്റെ വെളിച്ചം ഈ ഐതിഹ്യത്തിൽ ഉണ്ടായിരുന്നു " എന്ന് തിരിച്ചറിയുന്നു. ആ എരിയാണ് അവർക്ക് പ്രളയത്തിൽ അന്നമായതും ചത്ത പശുവിന്റെ ചീഞ്ഞ മാംസത്തിൽ നിന്ന് മോചിപ്പിച്ചതും, ജീവിതകെട്ടുകളെ ഇറക്കിവെക്കാൻ ആരാധന മൂർത്തിയെ കൊടുത്തതും. അയാൾക്ക് പിൻപേ നടന്നാണവർ അറിവിലേക്കും, തിരിച്ചറിവിലേക്കും അടിമത്തത്തിനെതിരെ ചെറുത്തുനിൽപ്പായി എരിയോലകൂട്ടമായതും. ഒരു ജനതയുടെ ചരിത്രത്തെ കാലമെത്ര കുഴിച്ചുമൂടിയാലും ആത്മവീര്യത്തോടെ തിരിച്ചുവരും. എരി കണ്ണിൽ തേച്ച മരുന്ന് അവരുടെ ഇരുട്ടിനെ പ്രകാശിപ്പിക്കും. ഐതീഹ്യമാലയിൽ ഇടംകിട്ടിയില്ലെങ്കിലും.
ചിന്തകനും ബഹുമുഖപ്രതിഭയുമായപ്രദീപൻ പാമ്പരിക്കുന്ന് മലയാളത്തിന് സമ്മാനിച്ചിട്ട് പോയ ഒരുജനതയുടെ സ്വത്വബോധത്തിന്റെ എരിയുന്ന തീപ്പന്തമാണ് എരി. നോവലിന്റെ അവസാന ഭാഗങ്ങളെ മരണം തട്ടിയെടുത്തിട്ടും അപൂർണമാകുന്നില്ല എരി. അല്ലെങ്കിലും എരിമുത്തപ്പന് അവസാനമില്ലല്ലോ.
