2k പ്ലേലിസ്റ്റുകൾ; ഉടഞ്ഞ മനസ്സുകളുടെ മരുന്നുകുറിപ്പടികൾ

Readers Ink

2k പ്ലേലിസ്റ്റുകൾ; ഉടഞ്ഞ മനസ്സുകളുടെ മരുന്നുകുറിപ്പടികൾ


ടഞ്ഞ മനസ്സുകളെ തുന്നിച്ചേർക്കുന്ന അദൃശ്യമായ തുന്നലുകളാണ് ഇന്ന് ഓരോ പ്ലേലിസ്റ്റുകളും. ഓരോ ട്രാക്കും ആത്മാവിനേറ്റ മുറിവുകൾക്കുള്ള മരുന്നും മായ്ക്കാനാഗ്രഹിക്കുന്ന ഓർമ്മകൾക്കുള്ള മറുമരുന്നുമാണ്. മാറിപ്പോയ വൈബുകൾ ഒത്തിരിയുണ്ട്, എത്രയോ രാത്രികളിൽ നമ്മൾ നമ്മളെത്തന്നെ ലൂപ്പിലിട്ട പാട്ടുകളിൽ കുഴിച്ചിട്ടു. തളർന്നുപോയ നേരങ്ങളിൽ ഉയിർപ്പുതന്ന ഒരായിരം ട്രാക്കുകളും ഉന്മാദവും ചില്ലും നൽകിയവയും പ്രതീക്ഷകളുടെ നെരിപ്പോട് കത്തിച്ചവയും അനവധിയാണ്. സങ്കടത്തിലും സന്തോഷത്തിലും നമ്മൾ തിരഞ്ഞത് അൽഗോരിതം നിർദ്ദേശിച്ച പാട്ടുകളെയാണ്; ജിമ്മിലെ വർക്കൗട്ടിന്, ബ്രേക്കപ്പിലെ വിങ്ങലിന്, ലോങ്ങ് ഡ്രൈവുകൾക്ക് അങ്ങനെ എല്ലാത്തിനും ഓരോ പ്ലേലിസ്റ്റ്.

ഒരു സ്പോട്ടിഫൈ കാലം.

പാട്ടൊരു ക്യാപ്‌സൂളാണെന്ന് പറയുന്നത് ഇൻസ്റ്റഗ്രാം കാൽപ്പനികതയാണോ എന്ന് അറിയില്ലെങ്കിലും അത് നിത്യയശാന്തി നൽകുന്നുണ്ടെന്ന് തീർച്ചയാണ്. ഇതുവരെ കാണാത്തൊരാൾ കിലോമീറ്ററുകൾ ദൂരെനിന്ന് ഇൻസ്റ്റഗ്രാം ഡി.എമ്മിലൂടെ പാട്ട് ചോദിക്കുമ്പോൾ അയാൾക്ക് നമ്മളെയോ നമുക്ക് അയാളെയോ അറിയില്ലെങ്കിലും സ്പോട്ടിഫൈയിലെ 'ഗ്രൂപ്പ് സെഷനിൽ' നമ്മൾ ഒരേ പാട്ട് ഒരേസമയം കേൾക്കുകയും രണ്ട് ദിക്കിലിരുന്ന് ഒരേ വൈബിൽ തലയാട്ടുമ്പോൾ ആ പാട്ട് നമ്മളെ അദൃശ്യമായൊരു നൂലിൽ കോർത്തിടുകയും ചെയ്യുന്നു. 2K ഓർമകളാണ് ഈ പാട്ടുകൾ. ഓർമകൾ ആയിട്ടില്ലെങ്കിൽ ആകാനുള്ളത്.


Related Articles