വണ്ടിയുടെ എഞ്ചിൻ്റെ
നേർത്ത വിറയലിലേക്ക്
നെറ്റി ചേർത്ത്
അസ്ഥിപഞ്ചരം പോലെയുള്ള
ജനലഴിക്കരികിൽ
എന്റെ ഇടം കണ്ടെത്തുന്നു;
എഴുതപ്പെടാത്ത ജീവചരിത്രങ്ങൾ
അനാവൃതമാക്കിക്കൊണ്ട്
പുകമറയിലൂളിയിട്ട്
ബസ് നീങ്ങുന്നു.
വഴിയോരച്ചായക്കടയിലെ
ഒരപരിചിതനിലാണ്
കണ്ണുകളാദ്യം കോർത്തത്.
ചൂടുചായ കയ്യിലേന്തി
ചിന്തകളിൽ മുഴുകിയൊരാൾ.
കൃത്യം മൂന്ന് സെക്കൻഡ് നേരം
ഞാനയാളുടെ പ്രഭാതത്തിൽ ജീവിക്കുന്നു
അയാളുടെയുള്ളിലെ ആകുലതകളും
മുഖത്തെ ചായപ്പുകയുമെല്ലാമറിയുന്നു.
പെട്ടെന്ന് വണ്ടിയുടെ ഗിയർ മാറുന്നു,
എന്റെ കൺമുന്നിൽ
നിന്നുമയാൾ മാഞ്ഞുപോകുന്നു.
അടുത്ത നിമിഷം
പൊട്ടക്കുഴിയിലെ തവളപ്പൊട്ടനോടിടഞ്ഞ്
വെള്ളം തെറിപ്പിച്ചൊരുകുട്ടി
എന്റെ ബാല്യത്തിന്റെ കളിവഞ്ചിയിറക്കുന്നു.
പുകപടലങ്ങൾക്കിടയിൽ
മുടിയൊതുക്കിക്കെട്ടുന്നൊരു സ്ത്രീ
കണ്ണാടിയിൽ ഞാനെന്നെ
കാണിക്കാത്തോരു കാലം
പിണക്കത്തോടെ വെച്ചുനീട്ടുന്നു.
അടഞ്ഞുകിടക്കുന്ന കടത്തിണ്ണയിലേക്ക്
നിർവ്വികാരനായി നോക്കിയിരിക്കുന്ന
ഒരു വൃദ്ധൻ
ഓർമ്മകളെ വിതുമ്പലാക്കുന്നു.
