ഇന്ത്യയിലെ 'ദേശവിരുദ്ധ'രുടെ പട്ടികയിൽ മുൻപന്തിയിൽതന്നെയാണ് എന്റെ സ്ഥാനം. ദേശവിരുദ്ധരുടെ ലിസ്റ്റ് നാൾക്കുനാൾ നീണ്ടുവരികയാണ്. അധികം വൈകാതെ ആ ലിസ്റ്റ് ദേശസ്‌നേഹികളുടേതിനെക്കാൾ അധികമായേക്കാം. ആരേയെങ്കിലും ഇവിടെ ദേശവിരുദ്ധരായി പ്രഖ്യാപിക്കുക എന്നത് വളരെ എളുപ്പമാണ്. നരേന്ദ്രമോദിക്കു നിങ്ങൾ വോട്ടുചെയ്യാതിരുന്നാൽ മതി നിങ്ങൾ ദേശവിരുദ്ധരാകും. നിങ്ങൾ പാകിസ്താനിയാകും! കാര്യങ്ങളിങ്ങനെ പോയാൽ പാകിസ്താന്റെ ജനസംഖ്യ കുതിച്ചുകയറും എന്നതു തീർച്ച. ആ രാജ്യക്കാർ ഇതു വല്ലതും അറിയുന്നുണ്ടോ എന്തോ.
ഞാനിവിടെയായതുകൊണ്ട് ഇന്ത്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ടു ചെയ്യാൻ എനിക്കു കഴിയില്ല. ഇന്ന് മെയ് 12-നാണ് ഡൽഹിയിൽ വോട്ടെടുപ്പു നടക്കുന്നത.് ജയിലിലടയ്ക്കപ്പെട്ടിട്ടില്ലാത്തവരായ എന്റെ സുഹൃത്തുക്കളും സഖാക്കളും ഇപ്പോൾ വോട്ടുചെയ്യാൻ ക്യൂവിൽ നിൽക്കുകയാവും. ടർക്കിയുടെയോ ബ്രസീലിന്റെയോ സ്ഥിതി ഇന്ത്യയ്ക്കു വരുത്തരുതേയെന്നു മനസ്സിലാഗ്രഹിച്ചുകൊണ്ട് ശ്വാസമടക്കിപ്പിടിച്ചാവും അവരവിടെ നില്ക്കുന്നത്. മറിച്ചൊന്നും ഇന്ത്യയിൽ സംഭവിക്കരുതെന്നാണ് എന്റെയും ആഗ്രഹം. പാർലമെന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പേ ഞാൻ ഏറ്റുപോയതാണ് ഈ പ്രഭാഷണ പരിപാടി. അക്കാര്യം ഞാനിവിടെ രേഖപ്പെടുത്തി വയ്ക്കട്ടെ. ഇനി ഒരൊറ്റ വോട്ടിനെങ്ങാനും നരേന്ദ്രമോദി ജയിച്ചുപോയാൽ ഇവിടെയിരിക്കുന്ന നിങ്ങളെല്ലാം അതിനുത്തരവാദികളായിരിക്കും.
ഹൃദയഹാരിയായ സംഗീതസദസ്സുകൾ ധാരാളമായി ശ്രവിച്ചിട്ടുള്ളവയാണ് ഹാർലെമിലെ അപ്പോളോ തിയേറ്ററിന്റെ ഈ ചുമരുകൾ. ആ മധുരസംഗീതത്തിന്റെ ഈണങ്ങൾ ഈ ചുമരുകൾ ആരുമറിയാതെ സൂക്ഷിച്ചുവച്ചിട്ടുണ്ടാകണം. ആരും കേൾക്കാനില്ലാത്തപ്പോൾ അവയിലോരോന്നെടുത്ത് അവ മൂളുന്നുമുണ്ടാകണം. സാഹിത്യത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്താണെന്ന് അന്വേഷിക്കുന്ന ഈ യോഗം ചരിത്രമുറങ്ങുന്ന ഈ ഹാളിനകത്തുവച്ചു ചേർന്നത് എന്തുകൊണ്ടും ഉചിതമായിട്ടുണ്ട്.
