പ്രതിലോമം പരിണാമം

Readers Ink

പ്രതിലോമം പരിണാമം


ഓന്ത്മുക്കിലെ പ്രധാന മൈല്‍ക്കുറ്റിയായി നിലകൊള്ളുന്ന ഒന്നാണ് ചുവരുകളില്‍ ചായം മാഞ്ഞ ആ വായനശാല. അന്തിച്ചര്‍ച്ചക്കമ്മിറ്റിക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ വല്ലപ്പോഴും ആരെങ്കിലും അവിടേക്ക് വന്നെങ്കിലായി. ഇരട്ടവാലന്മാര്‍ക്ക് പാഥേയമായ പുസ്തകങ്ങള്‍ അവിടെ മോക്ഷം കാത്തു കിടന്നു. വടക്ക് വശത്തെ കഴുക്കോലും ഓടും അടപടലം നിലത്തേക്ക് വീണപ്പോഴാണ് വായനശാല വീണ്ടും ഓന്ത്മുക്കിലെ ചര്‍ച്ചാ വിഷയമായത്.

പിന്നെയങ്ങോട്ട് നവീകരണ മഹാമഹം പൊടിപൊടിച്ചു. ഒരുവിധം ഉപയോഗിക്കാന്‍ കഴിയുന്നതും താളുകള്‍ പൊടിയാത്തതുമായ പുസ്തകങ്ങള്‍ പുതിയ താത്കാലിക വായനശാലയിലെ അലമാരയുടെ ചില്ല് കൂടാരത്തിലേക്കും തീര്‍ത്തും ഉപയോഗശൂന്യമായവ ചണച്ചാക്കിന്റെ ഇരുളിലേക്കും കുടിയേറാന്‍ (കുടിയൊഴിപ്പിക്കാന്‍) തീരുമാനമായി. രാത്രി വായനശാല പൂട്ടി ഇറങ്ങാന്‍ നേരമാണ് ലൈബ്രേറിയന്‍ ന്യായപാലന്‍ അത് ശ്രദ്ധിച്ചത്. പുറം ചട്ട പാതി കത്തിപ്പോയ നിലയിലൊരു പുസ്തകം. പണ്ടെന്നോ ആരോ വലിച്ചു കീറിയത് പോലെ നെടുകെ പിളര്‍ന്നിട്ടുമുണ്ട്. തീര്‍ത്തും ഉപയോഗരഹിതമായവ നിറച്ച ചാക്കില്‍ നിന്നും വീണ് പോയതാകാനേ വഴിയുള്ളൂ. പൂട്ടിയ വാതില്‍ വീണ്ടും തുറക്കാനുള്ള മടി മൂലം അയാളാ പുസ്തകം കൈയിലെടുത്തു.

വാട്സാപ്പ് സാങ്കല്പിക സര്‍വ്വകലാശാലയില്‍ പുത്തന്‍ വിജ്ഞാന വചസ്സുകളൊന്നും തന്നെ വായിക്കാനില്ലാതെ മേല്‍പോട്ട് നോക്കി ഇരുന്ന നേരം, പഴമ കൊണ്ടും, പിന്നെ അഗ്‌നിക്കിരയായതിന്റെ അവശേഷിപ്പെന്നോണവും തവിട്ടു നിറമാര്‍ന്ന താളുകള്‍ വെറുതെ മറിച്ചു നോക്കി. കീറിപ്പോയ കഷ്ണങ്ങള്‍ ശ്രമപ്പെട്ട് ക്രമത്തിലാക്കി വായിക്കുമ്പോള്‍ ഇന്നേവരെ തോന്നാത്ത ഒരു കൗതുകം അയാളെ ഒന്നാകെ ഗ്രസിച്ചിരുന്നു.


Related Articles