പൊന്തക്കാടുകളും കൊങ്ങിണി പടര്പ്പുകളും നിറഞ്ഞ ഒരിടത്തുകൂടി ഞാന് ഉറക്കം തൂങ്ങി നടന്നു പോകുകയായിരുന്നു. ചുറ്റും നിറഞ്ഞു നിന്നിരുന്ന കിളികളുടെ ചിലപ്പും വെയിലിന്റെ കിലുക്കവും ഇലയുടെ കുളിരുമൊന്നും അറിഞ്ഞതേയില്ല. ഒന്നര മൈല് അകലത്തുള്ള പള്ളിയില് നിന്നും മുഴങ്ങിക്കൊണ്ടിരുന്ന മണിയൊച്ചയും അകലത്തേക്കാള് അവ്യക്തമായേ കേട്ടൊള്ളൂ...
വെളുപ്പാന്കാലത്ത് വന്ന് കിടന്നിട്ട് ഉറങ്ങാന് കഴിഞ്ഞില്ല, വെയില് മൂത്തപ്പോള് നീണ്ടൊരുറക്കവും സ്വപ്നങ്ങളും തലക്ക് ചുറ്റും ചേക്കേറാന് ചിലച്ച് പറക്കുന്നതായി തോന്നി. എവിടെങ്കിലും കിടന്ന് ഉറങ്ങിപ്പോയിരുന്നെങ്കിലും ഈ വഴിതന്നെയിങ്ങനെ നടന്നു വന്നേനെ. അപ്പോഴുമിങ്ങനെ വെയിലും തണലും കിളികളുമെല്ലാം മങ്ങിക്കണ്ടേനെ. ഞാനതുവഴി വരേണ്ടതെന്തോ വിധി നിശ്ചയം പോലാരുന്നു. അതുകൊണ്ട് സ്വപ്നത്തിലായാലും ആ അവ്യക്തമായ പള്ളിമണിയൊച്ചപോലും ഒരു വ്യത്യാസോമില്ലാതിങ്ങനെ കേട്ടേനേ...
നടന്നു പോകുന്നതിന് താഴെ വെള്ളം നിറഞ്ഞ് കിടക്കുന്ന ഒരു പാറമട ഉണ്ടായിരുന്നു. അതില് നിന്നും "ഗ്ള് ഗ്ള് ഗ്ള് ഗ്ള്..." എന്ന് കുമിള കുത്തുന്ന ശബ്ദം എന്നെ നടത്തത്തില് നിന്നുമുണര്ത്തി. മയക്കം മാറ്റിയെറിഞ്ഞിട്ട് ഞാനവിടേക്ക് ചാടിയിറങ്ങി ചെന്നു. ഒരു കൂര്ത്ത ചീളില് കൊണ്ട് കാലും മുറിഞ്ഞു. തള്ള വിരലിന്റെയറ്റത്തൊരു പൂ വിരിഞ്ഞത് കണ്ട് വേദനയെക്കാളുച്ചത്തില് കലിച്ചു പോയി.
