പൊടുന്നനെ ഒരു ദിവസം ഞാന്‍ രണ്ട് കുഞ്ഞുങ്ങളെ സ്വപ്നം കണ്ടു. ഒരാള്‍ സാഷയായിരുന്നു; സുഹൃത്ത് ഹരികൃഷ്ണന്റെയും നീതുവിന്റെയും മകള്‍. മറ്റേയാള്‍ സുഹൃത്തുക്കളായ ശ്രീകുമാറിന്റെയും ശരണ്യയുടെയും മകള്‍ സവേരയും.
അതിനും കുറേക്കാലം മുന്‍പ് ഞാന്‍ മറ്റൊരു കുഞ്ഞിനെ സ്വപ്നം കണ്ടിട്ടുണ്ട്. കാള്‍ നോസ്ഗാര്‍ഡിന്റെ സീസണ്‍ സീരിസ് വായിക്കുകയായിരുന്നു ഞാന്‍ അക്കാലത്ത്. ഇതുവരെ ജനിച്ചിട്ടില്ലാത്ത, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു നിലയിലും ബന്ധമില്ലാത്ത ഒരു കുഞ്ഞ് അന്നേരം എന്റെ സ്വപ്നത്തില്‍ വന്നു. ഞാനവളെ മകളേ എന്ന് വിളിച്ചു, അവളെന്നെ 'പ്പച്ചി എന്നും. വിചിത്രവും നിഗൂഢവുമായ വാക്കുകളാല്‍ നിര്‍മ്മിതമായ ഒരു ഭാഷയിലാണ് അവളെന്നെ സ്‌നേഹിച്ചത്.
'അയ്യത്തന്ന് വേവുമ്പോ ചീ ചീ ന്ന് കേക്കുപ്പോ പ്പച്ചി പേച്ചണ്ടാട്ടാ!'
ഉരുളക്കിഴങ്ങ് വേവുമ്പോള്‍ ഞാന്‍ ഉമ്മച്ചിയോട് പറയാറുണ്ടായിരുന്ന ആ വാചകം അവള്‍ക്കെങ്ങനെ കിട്ടി എന്ന ആശ്ചര്യത്തോടെ ഞാനാ സ്വപ്നത്തില്‍ നിന്നുണര്‍ന്നു. മറ്റൊരു ദിവസം ഞാനിന്നേവരെ കേട്ടിട്ടില്ലാത്ത കുറേ പക്ഷികളുടെ പേരുകള്‍ ഉച്ചരിച്ചുകൊണ്ട് അവള്‍ ഞങ്ങളുടെ വീടിന്റെ പിന്നിലെ പൂന്തോട്ടത്തില്‍ നിന്നും എന്റെ സ്വപ്നത്തിലേക്ക് കയറിവന്നു. അവള്‍ പറഞ്ഞ പക്ഷികളുടെ പേരുകള്‍ എനിക്കോര്‍മ്മ വന്ന ക്രമത്തില്‍ ഞാന്‍ എന്റെ ഡയറിയില്‍ കുറിച്ചുവച്ചു. പക്ഷേ അവള്‍ അവസാനം പറഞ്ഞ പേര് എത്ര ശ്രമിച്ചിട്ടും എനിക്ക് ഓര്‍ത്തെടുക്കാനും എഴുതിവയ്ക്കാനും കഴിഞ്ഞില്ല. കുറേയേറെക്കാലം അത് കണ്ടെത്താനുള്ള തീവ്രയത്‌നത്തിലായിരുന്നു ഞാന്‍. പിന്നീട് ഞാനത് മറന്നുപോയി, കാരണം എനിക്ക് പക്ഷികളോട് ഒരിക്കലും സ്‌നേഹമുണ്ടായിരുന്നില്ല. അവളാവട്ടെ പിന്നീടെപ്പോഴെങ്കിലും എന്റെ സ്വപ്നത്തില്‍ വന്ന് ആ പക്ഷിയുടെ പേര് ഉച്ചരിക്കുകയുണ്ടായില്ല.
