രണ്ടാഴ്ച മുമ്പൊരു വൈകുന്നേരസമയം. കുന്നേലെ ഉതുപ്പാന്‍ കള്ളുഷാപ്പിന്റെ മിറ്റത്തു നിന്നു അപാരഷോ കാണിക്കുന്നതു കണ്ടാണ് നാട്ടുകാര്‍ കൂടിയത്. അടിച്ചുപാമ്പായി ഷാപ്പുകാരനെ തെറിവിളിക്കുകയാണെന്നാ എല്ലാവരും കരുതിയത്. അതിടെക്കുള്ളതാണല്ലോ? പക്ഷേ ഇതു കളിവേറെ. അടുത്തയിടെ കാണാതായ ഇടവകയിലെ പുതിയ കൊച്ചച്ചനെപ്പറ്റിയാണ് വര്‍ത്തമാനം മുഴുവന്‍. നാക്കു നന്നായി കുഴയുന്നുണ്ടെങ്കിലും ഉടുത്തമുണ്ട് മുഴുവന്‍ അഴിഞ്ഞുപോകാതിരിക്കാന്‍ കയറ്റിക്കുത്തിയിട്ടുണ്ട്. അടിയിലുള്ള ചുമന്ന കളസം എത്തിനോക്കുന്നുണ്ട്.
'കുന്തളിപ്പുകയറി വല്യച്ചനില്ലാത്തപ്പം ആളാവാന്‍ നോക്കിയതാ അന്ന്. റോയിമോന്റെ തലക്കുപിടിക്കാന്‍ പറഞ്ഞപ്പോ അവന്‍ സീബിഐ ഡയറിക്കുറിപ്പ് കളിക്കുവായിരുന്നു... എന്നിട്ടിപ്പം എന്തായി? ഹിത് കളിവേറെ. പൂടപോലും ബാക്കിതരാത്ത ഇനത്തിനോട് വാശിവയ്ക്കണ്ടെന്ന് ഈ ഉതുപ്പാന്‍ നല്ല ഭാഷെ പറഞ്ഞതാ... കേട്ടില്ല..!'
കഥയില്‍ സിബിഐ പ്രയോഗം പ്രേക്ഷകരുടെ ജിജ്ഞാസ തുലോം കൂട്ടിയെന്ന് നിശ്ചയം. ഈ സിബിഐയും ഉതുപ്പാനും കൊച്ചച്ചനും തലക്കുപിടുത്തോം ഒരു കഥയില്‍ വരുന്നതില്‍ ഒരു കൊഴമറിയുണ്ട്. കഥയുടെ ചുരുള്‍ പലരുടേയും ലൈവ് റിപ്പോര്‍ട്ട് പ്രകാരമിങ്ങനെ...
