കുന്ദേരക്കാലം

Readers Ink

കുന്ദേരക്കാലം


മിലൻ കുന്ദേരയുടെ മരണവാർത്തയ്ക്കു തൊട്ടുപിന്നാലെ ഫോർവേർഡ് ചെയ്ത ഒരു വാട്‌സാപ്പ് സന്ദേശം വന്നു: കുന്ദേരയെ ആസ്വദിക്കാം; പക്ഷേ, ആഘോഷിക്കാനില്ല. കുന്ദേരയെ ആഘോഷിക്കുന്നവർ കമ്യൂണിസ്റ്റ് വിരുദ്ധർതന്നെയെന്ന പ്രഖ്യാപനം ആ ചെറു മലയാള വാചകത്തിൽതങ്ങിനിന്നു. ആ വാചകം പെട്ടെന്ന് ഒരു കൂറ്റൻ സ്റ്റാലിൻ ഹോർഡിങ്,അല്ലെങ്കിൽ ഗ്രാഫിറ്റിയായി മാറുന്നതായി തോന്നി. അതേ നിമിഷത്തിൽതന്നെ 1999–ൽ തിരുവനന്തപുരത്ത് വിഖ്യാത പോളിഷ് സിനിമാ സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയെ ഇപ്പോൾ നമുക്കൊപ്പമില്ലാത്ത പി. ഗോവിന്ദപ്പിള്ള കമ്യൂണിസം പഠിപ്പിക്കാൻ ശ്രമിച്ചതിന്റെ രംഗങ്ങളും വന്നു കയറി. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ നൃശംസതയെക്കുറിച്ച് സനൂസി തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിലെ ഓപ്പൺ ഫോറത്തിൽ സംസാരിച്ചതാണ് പി.ജിയെ ചൊടിപ്പിച്ചത്. നിങ്ങൾക്ക് കമ്യൂണിസം, മാർക്‌സിസം എന്നിവയെക്കുറിച്ച് ഒരു 'ചുക്കു'മറിയില്ല എന്ന പി.ജി.യുടെ വാദം സനൂസി ഇങ്ങനെ നേരിട്ടു: നിങ്ങൾ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യത്ത് ജീവിച്ചിട്ടുണ്ടോ? ഞാൻ അങ്ങിനെയൊരിടത്ത് ജീവിച്ചതിനുശേഷമാണ് സംസാരിക്കുന്നത്. (പി.ജി. ഒരു അഭിമുഖത്തിന്റെ പേരിൽപാർട്ടി നടപടി നേരിട്ടതുകൂടി ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്).

2022–ൽ ഹംഗേറിയൻ സിനിമാ സംവിധായകൻ ബേലാതാറിനായിരുന്നു ഐ.ഐ.എഫ്.കെ. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. അദ്ദേഹവും ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലത്തെ അതിനിശിതമായി വിമർശിച്ചു. ഏകാധിപത്യത്തിന്റെ ബീഭത്സമുഖം എന്നാണ് ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലത്തെ മലയാള മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വിശേഷിപ്പിച്ചത്. കേരളത്തിലും ഇടതുഭരണമാണ് എന്നു പറഞ്ഞപ്പോൾ, അതുകൊണ്ട് സ്വന്തം അഭിപ്രായം എന്തിന് മറച്ചുവെക്കണമെന്ന് അദ്ദേഹം തിരിച്ചടിച്ചു. അപ്പോൾ ഒരു മർമ്മർ ക്യാമ്പയിൻ പെട്ടെന്നുണ്ടായി. ബേലാതാറിനെ എന്തിനു കേരളത്തിൽ കൊണ്ടുവന്നു? മുറുമുറുപ്പുണ്ടായി. അതായത് ആ സ്റ്റാലിൻ വാൽ കേരളത്തിൽനിന്നും ഇനിയും കൊഴിഞ്ഞുപോയിട്ടില്ല എന്നർഥം. അങ്ങനെയൊരു സ്ഥലത്ത് കുന്ദേരയെ ആഘോഷിക്കേണ്ടതില്ല എന്ന ആശയക്കാരുള്ളതിൽ അതിശയിക്കേണ്ടതില്ല. പക്ഷേ, കുന്ദേര തന്റെ മലയാളി വായനക്കാരെ മറ്റെവിടെയുമെന്ന പോലെ അതിശയിപ്പിച്ചു. ‘കഫേ കുന്ദേര’യിൽ കയറി ഇരുന്ന് സംവാദത്തിലേർപ്പെടാൻ ക്ഷണിച്ചു, അല്ലെങ്കിൽ വെല്ലുവിളിച്ചു. കുന്ദേരസാഹിത്യം അതിന്റെ ആദ്യനാൾ മുതൽ നിർവ്വഹിച്ചു പോന്ന ഈ ദൗത്യംതന്നെ ഇനിയുള്ള കാലത്തും തുടരും. ആ വാഗ്ദാനം ബാക്കി വെച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം കടന്നു പോയത്.


Related Articles