പാലങ്ങളില്ലാതെ ലോകം കടന്ന ലന്തൻബത്തേരി

Readers Ink

പാലങ്ങളില്ലാതെ ലോകം കടന്ന ലന്തൻബത്തേരി


ജസീക്ക അമ്മയുടെ ഉദരത്തിൽ ഉരുവം കൊള്ളുന്നതിനുമുന്നേ തന്നെ കൊച്ചിക്കായലിന്റെ കുഞ്ഞോളങ്ങളെ തൊട്ടറിഞ്ഞു. അമ്മയുടെ വയറ്റിലെ ദ്രവത്തിൽ ആണ്ടു കിടക്കുമ്പോൾ ലന്തൻബത്തേരിയെന്ന തുരുത്തിലേക്കുള്ള വഴികൾ അവളുടെ മുന്നിൽ തെളിഞ്ഞുവന്നു. അവിടേക്ക് പായ്ക്കപ്പലിൽ അറബികളും, റോമാക്കാരും, ലന്തക്കാരും, പറങ്കികളും കച്ചവടത്തിനായും ആധിപത്യത്തിനായും വരുന്നത് ഉള്ളാലെയവൾ കണ്ടിരുന്നു.

വിദേശാധിപത്യം അവശേഷിപ്പിച്ചുപോയ സംസ്കാരവും അതിന്റെ ജീവിതചര്യയും കൊച്ചിയുടെ മണ്ണിൽ വീണുകിളിർത്തു. അവർ സ്ഥാപിച്ച മതങ്ങളും തദ്ദേശീയ ജീവിതത്തെ മാറ്റിപ്പണിയുന്നു. തുരുത്തിന്റെ ജീവനാഡികളിൽ വിശ്വാസത്തോടൊപ്പം ചവിട്ടുനാടകവും അലിഞ്ഞുചേരുന്നു.

ലന്തൻബത്തേരി കൊച്ചിക്കായലാൽ ചുറ്റപ്പെട്ട വെറുമൊരു സാങ്കല്പികത്തുരുത്ത് മാത്രമല്ല. പാലങ്ങളില്ലാത്ത ആ തുരുത്തിലിരുന്നാണ് ജെസീക്ക ലോകം കണ്ടത്. കപ്പൽപ്പണിയുടെ കണക്ക് കട്ടതിനാൽ സ്വന്തം നാട്ടിൽനിന്നും പലായനം ചെയ്യാൻ നിർബന്ധിതനായ ളൂയിയാശാരിയും കുടുംബവും ലന്തൻബത്തേരിയിലെത്തുന്നു. ഗുരുശാപത്താൽ കപ്പലുകൾ ഉണ്ടാക്കാൻ ധൈര്യം പോരാതെ വന്നപ്പോൾ അദ്ദേഹം മച്ചുവകൾ ഉണ്ടാക്കി ജീവിച്ചു. ആ മച്ചുവകൾ കച്ചവടത്തിനായും യുദ്ധത്തിനായും ലോകത്തിന്റെ വിവിധ തുറകളിലേക്ക് എത്തപ്പെടുന്നുണ്ട്. കണക്കുകളെല്ലാം കൃത്യമായിരുന്നെങ്കിലും 'കണക്കുകട്ടതിൽ' എന്നത് കുടുംബപ്പേരായി ഒപ്പം ചേർന്നു.


Related Articles