കുട്ടികളുടെ മൈതാനം

Readers Ink

കുട്ടികളുടെ മൈതാനം


പണ്ട്
പഞ്ചാരമണൽക്കുന്നുകൾക്ക് കീഴെ
ആഞ്ഞിലിയും, കശുമാവും, ഞാവലും
തീർത്തിരുന്ന തണൽമണ്ഡപങ്ങളിൽ
ആലസ്യത്തോടെ മയങ്ങുന്ന
പുൽമൈതാനികൾ ഉണ്ടായിരുന്നു.
കുട്ടികളുടെ പാദപതനങ്ങളാൽ ഉണരുന്ന
വിയർപ്പുതുള്ളികളുടെ ചുംബനത്താൽ നനയുന്ന
ആരവങ്ങളുടെ കമ്പനങ്ങളാൽ ത്രസിക്കുന്ന
ഒരുമയുടെ ചിത്രങ്ങളാൽ മുദ്രണം ചെയ്യപ്പെട്ട
ആരാലും അതിരുകൾ തിരിക്കപ്പെടാത്ത മഹാമൈതാനികൾ.

അന്നൊരു 
കാറ്റിലും മഴയിലും
ചുവടോടെ കൊമ്പു കുത്തപ്പെട്ടൊരു മരത്തിൽ
ചാഞ്ചാടിയ കുട്ടിക്കുരങ്ങൻമാരുടെ വികൃതികളിൽ
തായ്ത്തടിയിൽ നിന്ന്
പുതിയ നാമ്പുകൾ പൊട്ടിച്ചിരിച്ചുകൊണ്ട് ഉയർത്തിരുന്നു.

കളിക്കിടയിലെ പരവേശപ്പാച്ചിലുകളെ കാത്ത്
നെല്ലിയില വീണ് കുളിർന്ന നെഞ്ച് ചുരത്തി
നാട്ടുകിണർ ഉയർന്ന് നിന്നിരുന്നു.
ഞെട്ടറ്റ് വീണൊരു
ആഞ്ഞിലിപ്പഴക്കുലയിൽ
ഒരുപാട് ചുണ്ടുകൾ കലപില കൂട്ടിയിരുന്നു.

ഇന്ന്
മണൽക്കുന്നുകൾ മണൽപ്പരപ്പായും
മണൽപ്പരപ്പുകൾ പൂഴിപ്പരപ്പായും
പൂഴിപ്പരപ്പുകൾ കോൺക്രീറ്റ് പരപ്പായും മാറിയപ്പോൾ
മൂർച്ചകളുടെ മിന്നലിൽ
മരങ്ങൾ വന്ധ്യംകരിക്കപ്പെട്ടപ്പോൾ
മൈതാനിയുടെ ഞരമ്പുകളിൽ
ചക്രങ്ങൾ മുക്രയിട്ടപ്പോൾ
മുൾവേലികളും മതിലുകളും
മത്സരിച്ച് അതിരുകൾ തീർത്തപ്പോൾ
മൈതാനം നഷ്ടപ്പെട്ട കുട്ടികൾ
വെയിലത്തിറങ്ങി നടക്കുന്നു.
വായും, വയറും നഷ്ടപ്പെട്ട്
ഭൂസമാധിയടഞ്ഞ കിണറിൻ്റെ നെഞ്ചിലുയർന്ന
വാട്ടർകൗണ്ടറിൽ നാണയമിട്ട്
നാവൊന്നു നനയ്ക്കാൻ കാത്തിരിക്കുന്നു.


Related Articles