അന്നൊരു മഴക്കാർ മൂടിയ ദിവസമായിരുന്നു, മഴ പെയ്തിരുന്നില്ലെങ്കിലും തണുത്ത കാലാവസ്ഥ. പെരുമ്പാവൂർ സ്റ്റാൻഡിന്റെ ഓരത്ത് ബുള്ളറ്റൊതുക്കി റോഷിനൊന്ന് മൂത്രമൊഴിച്ചിട്ട് വന്നു.
"എടീ വേണേലൊന്ന് പൊക്കോ ഇനിയങ്ങോട്ട് പോയാ പറ്റിയെന്ന് വരത്തില്ല.. കേട്ടോ" മൂത്രസഞ്ചിയൊഴിഞ്ഞതിന്റെ ആശ്വാസത്തിലവൻ അനൂജയോട് പറഞ്ഞു
"വേണ്ട വന്നൊന്ന് വണ്ടി എടുക്ക് പോകാം"
അനൂജ ധൃതി പിടിച്ചു. പിള്ളേരെ അയൽവക്കത്തേല്പിച്ചിട്ടാണ് പോന്നത്, നോക്കി നിൽക്കുമ്പം വല്ല്യ സ്നേഹവും ലാളനയുമൊക്കെ കാണിക്കുമെങ്കിലും ദിവസം മുഴുവൻ പിള്ളേരെ നോക്കുന്നത് അവർക്കത്ര പിടുത്തമുള്ള കാര്യമല്ല. മുള്ളല് കഴിഞ്ഞ് സ്റ്റാൻഡിനുള്ളിലെ ടീ ഷോപ്പിൽ നിന്നും നല്ലൊരു ബ്രൂ കാപ്പിയും ഇലയടയും കഴിക്കണമെന്നൊരാശ തോന്നിയിരുന്നു അവന്. നീറ് കടിച്ചത്പോലുള്ള അവൾടെ നിപ്പ് കണ്ടപ്പം അവനാ മോഹം വിട്ടു.
