കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍

Readers Ink

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍


1990 കാലഘട്ടത്തില്‍ എന്റെ പട്ടുക്കോട്ടൈ താലൂക്കിലുള്ള വീടുകളിലേക്ക് വിരുന്നിന് പോകുകയാണെങ്കില്‍ അവിടത്തെ സ്ത്രീകള്‍ സ്‌നേഹത്തോടെ സ്വീകരിച്ച് ഹാളിലിരുത്തും. എന്നിട്ട് അവരുടെ കല്ല്യാണ വീഡിയോ കാസറ്റെടുത്ത് വിസിആറില്‍ ഇട്ട് ടി വി ഓണ്‍ ചെയ്യും. ''നിങ്ങള്‍ കല്ല്യാണവീഡിയോ കണ്ടിരുന്നോളൂ, ഞാന്‍ കാപ്പിയെടുക്കാം'' എന്നും പറഞ്ഞിട്ട് അടുക്കളയിലേക്ക് ചെല്ലും. (1990 കാലഘട്ടത്തില്‍ കോഴിക്കോട്ടെ വീടുകളിലേക്ക് ഞാന്‍ വിരുന്നിന് പോയിരുന്നപ്പോള്‍ മംഗളം, മനോരമ വീക്കിലി കൊണ്ടുവന്ന് തന്നിട്ട് ''ഇതു വായിച്ചിരുന്നോളൂ, ഞാന്‍ ചായ എടുക്കാം'' എന്നു ചേച്ചിമാര്‍ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയ കാര്യങ്ങളൊക്കെ എനിക്ക് ഇപ്പോഴും ഓര്‍മ്മയിലുണ്ട്).

അക്കമാര്‍ കാപ്പിയുമായി വരുന്ന നേരത്ത് കല്ല്യാണ വീഡിയോ ആസ്വദിച്ചാണ് കണ്ടുകൊണ്ടിരിക്കുന്നതെങ്കില്‍ ''നിങ്ങള്‍ ചായ കുടിച്ചിട്ട് വീഡിയോ കണ്ടിരുന്നോളൂ, ഞാന്‍ ഉച്ചയ്ക്കുള്ള ചോറുണ്ടാക്കട്ടെ'' എന്ന് സന്തോഷത്തോടെ പറഞ്ഞിട്ട് അടുക്കളയിലേക്ക് ഓടും. ഇന്ന് വീടുകളില്‍ നിന്ന് വിസിആര്‍ അപ്രത്യക്ഷമായതുകൊണ്ട് കല്ല്യാണ ആല്‍ബം കൊണ്ടുതന്നിട്ട് നോക്കാന്‍ പറയും. പട്ടുക്കോട്ടൈ നഗരത്തിലുള്ള ഒട്ടുമിക്ക സ്റ്റുഡിയോക്കാരും ആല്‍ബത്തിന്റെ അവസാനത്തെ പേജ് (രണ്ട് ഫോട്ടോ വെക്കാനുള്ള സ്ഥലം) വെറുതെ വിടും. അത് പിന്നീട് കുട്ടികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരുടെ ഫോട്ടോ വെക്കാന്‍ വേണ്ടിയാണ് ആ സ്ഥലം വെറുതെ വിടുന്നത്. ആ ആല്‍ബം നോക്കിക്കൊണ്ടിരിക്കുന്ന വിരുന്നുകാര്‍ മുമ്പ് അവരുടെ കല്ല്യാണത്തിന് വന്നിട്ട് പോയവരായിക്കും. കല്ല്യാണ ആല്‍ബത്തിന്റെ അവസാന പേജില്‍ കുട്ടികളുടെ ഫോട്ടോ കണ്ടില്ലെങ്കില്‍ ''കല്ല്യാണം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായല്ലോ, കുട്ടികള്‍ ആയിട്ടില്ല ല്ലേ''? എന്നു നിഷ്‌ക്കളങ്കമായി ചോദിച്ചുകളയും.

വളരെ സന്തോഷവതിയായി ചോറും കറിയും വിളമ്പിക്കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ മുഖഭാവം പെട്ടെന്ന് മാറും. 'ഇല്ല' എന്ന ഭാവത്തില്‍ അവര്‍ തലമാത്രം ആട്ടും. വന്ന വിരുന്നുകാരന്‍ പുരുഷനാണെങ്കില്‍ പിന്നെ ഒന്നും ചോദിക്കാന്‍ നില്‍ക്കില്ല. സ്ത്രീ ആണെങ്കില്‍ 'ഡോക്ടറുടെ അടുത്ത് പോയിരുന്നോ? ആര്‍ക്കാ കുഴപ്പം'? എന്നൊക്കെ ചോദിച്ച് വെറുപ്പിക്കാന്‍ തുടങ്ങും. 'ഈ സാധനത്തിനെ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍ ആരാ പറഞ്ഞുവിട്ടത്' എന്നൊക്കെ മനസ്സില്‍ പിറുപിറുക്കുമെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ''എനിക്ക് ഉടന്‍ കുട്ടികളുണ്ടാവുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്, മരുന്നുകഴിക്കുന്നുണ്ട്'' എന്നൊക്കെ പറഞ്ഞ് അവരെ സമാധാനിപ്പിക്കുന്നതുപോലെ സ്വയം സമാധാനിക്കും.


Related Articles