അപശ്രുതിയിൽ തണുത്തകാറ്റ് മൂളിപ്പാട്ട് പാടി അസ്വസ്ഥത ഉണ്ടാക്കുന്ന ഡിസംബറിലെ മഞ്ഞുകാലാരംഭത്തിലാണ് മനോനിലയത്തിലെ ഈ മുറിയിലേക്ക് ഈശോ വീണ്ടും താമസം മാറി വന്നത്.
പഴക്കം ചെന്ന എട്ടാം നമ്പർ മുറിക്കുള്ളിൽ പൊളിഞ്ഞു വീണുകിടക്കുന്ന സിമന്റിന്റെയും പെയിന്റിന്റെയും അവശിഷ്ടങ്ങളിൽ നോക്കിക്കൊണ്ട് മുറിവുണങ്ങാത്ത വിരലുകളിൽ ബാൻഡ് എയ്ഡ് ഒന്നൂടെ തിരിച്ചൊട്ടിച്ചു വേദന മറന്ന് എന്തൊക്കെയോ ചിന്തകളിൽ മുഴുകി നിൽക്കുകയായിരുന്നു ഞാൻ.
"സാറേ, ആ മുറിയിലെ താമസക്കാരൻ ഒരെഴുത്തുകാരനാണ്, കോട്ടയംകാരൻ ഈശോ"
തൊട്ടപ്പുറത്തെ താമസക്കാരനോട് റൂം ക്ലീനിംഗിനു സ്ഥിരം വരാറുള്ള മുണ്ടൻ പറഞ്ഞ വാക്കുകൾ എന്റെയുള്ളിലൂടെ വൈദ്യുതി പ്രവഹിക്കും മാതിരിയാണ് കടന്നുപോയത്. ഒരിക്കലും എഴുതി അവസാനിക്കാത്ത കഥകളിലെ കഥാപാത്രങ്ങൾ ആ പ്രവാഹത്തിൽപ്പെട്ട് വിറയ്ക്കുകയും ഞെരിഞ്ഞമരുകയും പ്രശാന്തതയുടെ ഇരുട്ടിലേക്ക് വെള്ളവസ്ത്രങ്ങളണിഞ്ഞ് എടുത്തെറിയപ്പെടുകയും ചെയ്തു. ക്ഷീരപഥത്തിലെ ഭൂഗുരുത്വസ്വഭാവം നഷ്ടപ്പെട്ട കുഞ്ഞുപൊട്ടുകൾ പോലെ അവ അകലങ്ങളിൽ നിന്ന് അകലങ്ങളിലേക്ക് പറന്നുകൊണ്ടേയിരുന്നു.
