ഒരു കല്ലുകൊണ്ടെന്‍റെ ജീവിതമാകെ മാറിമറിഞ്ഞെന്ന് പറഞ്ഞാല്‍, ബ്രിട്ടീഷ് രാജ്ഞിയുടെ കൈവശമുള്ള കോഹിനൂര്‍ രത്നവും ഒരു കല്ലാണെന്നറിയുന്നവര്‍ വിചാരിക്കും. ഒരു കല്ലുകൊണ്ടെന്‍റെ ദരിദ്രാവസ്ഥയാകെ എറിഞ്ഞുടക്കപ്പെട്ടിരിക്കുകയാണെന്ന്.
അതൊരു രത്നമൊന്നുമായിരുന്നില്ല. ആകൃതിയെന്തെന്നോ, ഭാരമെന്തെന്നോ, കരിങ്കല്ലോ, കാട്ട്കല്ലോ എന്നൊന്നും നിശ്ചയമില്ലാത്തൊരു ധൂമകേതുവായിരുന്നു.
എനിക്കതിനെക്കുറിച്ചാകെ പറയാനാവുന്നത്, അതെന്‍റെ കൈയിലൊരു ക്രിക്കറ്റ്ബോള്‍ പോലെ ഒതുങ്ങുന്നതായിരുന്നു എന്ന് മാത്രമാണ്. ഞാനപ്പോൾ ഭൂമിയിലെ ഏറ്റവും വേഗമേറിയ പന്തേറുകാരനായി വായുവിലേക്കുയര്‍ന്ന് ചാടി 100 മൈല്‍ വേഗത്തിലത് 'ബൗള്‍' ചെയ്തു. അക്തറിനേക്കാള്‍, ബ്രറ്റ് ലീയേക്കാള്‍, സഹീറിനേക്കാള്‍ വേഗത്തില്‍. കല്ലെന്‍റെ കൈവിട്ട് പോയപ്പോള്‍ വിരലുകള്‍ കോച്ചി വേദനിച്ചു. അത്ര ശക്തമായൊരു കൈചുഴറ്റലായിരുന്നു അത്. ആ കല്ലുപോയി കുത്തുന്നിടം കുഴിഞ്ഞ് മണ്ണ് തെറിക്കുന്നത് ഞാനെന്‍റെ മനസ്സില്‍ കണ്ടു.
മറ്റപ്പള്ളീൽ ജോയിച്ചൻ
