കൈസർ

റാന്നി പെരുമ്പുഴ പാലത്തിനടീക്കൂടെ അമേരിക്കേലേക്കോ ജർമനീലേക്കോ എങ്ങോട്ട് വേണേലും പോകാം. പക്ഷേ ഒരു താണജാതിപ്പെണ്ണിന്റെ  കൈയുംപിടിച്ച് പ്ലാച്ചേരി കുടുംബത്തോട്ട്  കേറിച്ചെല്ലാമെന്ന വിചാരം വേണ്ട. നല്ലോരു സുന്ദരി പെണ്ണായിരുന്നു അവൾ. സ്വല്പം വണ്ണക്കൂടുതലൊണ്ട്. കൊറച്ച് മങ്ങിയ നിറോമാണ്, എങ്ങനത്തെയേലും ഒന്നിനെ കിട്ടിയാൽ മതിയെന്ന് പറഞ്ഞാണിപ്പോൾ വീട്ടുകാര്. പക്ഷേ ഞങ്ങടെ സഭയാരിക്കണം. ഇവളെ വിളിച്ചോണ്ട് കേറിച്ചെല്ലാനുള്ള ധൈര്യം എനിക്കുമില്ല, കൊണ്ടുചെന്നാൽ സ്വീകരിക്കാനുള്ള ഗഡ്സൊന്നും വീട്ടുകാർക്കുമില്ല. 

വാട്ടർ ടാങ്കിന്റെ പണിക്കിടെ വേലിക്കപ്പുറം കാണുന്ന വീടിന്റെ മുറ്റത്തേക്ക് ഞാനിടക്കിടെയൊന്ന് പാളിനോക്കും. അവളൊരു പട്ടിക്കുഞ്ഞിനെ എടുത്ത് കൈയിൽ പിടിച്ച് കൊഞ്ചിച്ചോണ്ട് ഇറങ്ങി വരും. മൂന്നാല് ദിവസം കണ്ണും കണ്ണും കൊരുത്തതല്ലാതെ വാക്കാലൊന്നും മിണ്ടിയിട്ടില്ല.

പണികഴിഞ്ഞ് അവിടുന്ന് പോരാൻ നേരം കുളിച്ചൊരുങ്ങി ജീൻസും ഷർട്ടുമൊക്കെ ഇട്ട് സെറ്റപ്പായപ്പോഴേക്കും ചെറിയൊരു വെഷമം. കാണാനൊന്നും മോശമല്ലേലും എന്നെ ജീവിതത്തിലിന്ന് വരേം ഇത്രേം ഇഷ്ടത്തോടെ ഒരു പെണ്ണ് നോക്കീട്ടില്ല. ഒന്ന് വിളിച്ചാ അവള് കൂടെ പോരും. ഒറപ്പാണ്. അങ്ങനൊരുത്തിയെ ജീവിതത്തിലിനി കാണാൻ പറ്റിയെന്ന് വരത്തില്ല.


Related Articles