ഭീതി പ്രണയം ഉന്മാദം

Readers Ink

ഭീതി പ്രണയം ഉന്മാദം


ഞാനെങ്ങനെ ഒരു കുറ്റാന്വേഷക എഴുത്തുകാരിയായി? ചോദ്യത്തിന്റെ ഉത്തരത്തിനു ഒരുപാടു കാലം പിന്നോട്ട് പോകേണ്ടി വന്നേക്കും. 'മിസ്റ്റിക് മൗണ്ടൻ' വന്നപ്പോഴും 'പോയട്രി കില്ലറു'ം 'വയലറ്റുപൂക്കളുടെ മരണ'വും വന്നപ്പോഴുമൊക്കെ ഒരുപാട് കേട്ടൊരു ചോദ്യമുണ്ട്, എങ്ങനെ ഇത്ര ക്രൂരയാകാൻ പറ്റുന്നു? ശരിയാണ് ചില ക്രിമിനലുകൾ കുമ്പസാരിക്കുന്നതു പോലെ ഒരുപാട് ക്രൂരതകൾ ചെയ്തു കൂട്ടിയിട്ടുണ്ട്, ഇനിയും ചെയ്‌തേക്കാം, അതിൽ ഇന്നീ നിമിഷം വരെയും കുറ്റബോധമില്ല. മിസ്റ്റിക്ക് മൗണ്ടനിലെ ആഗ്നസിനെ വെളുത്ത നിറമുള്ള റൂമിൽ ദിവസങ്ങളോളം ഇട്ടു മാനസികമായി പീഡിപ്പിച്ചത്, താരയെ ക്രൂരമായി ഉപദ്രവിച്ചത്, രണ്ടു പേരെയും ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്തത്, നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഒരു ദയയുമില്ലാതെ ഒരു പെൺകുട്ടി കൊലപ്പെടുത്തിയത്, പ്രണയിക്കുന്നവരുടെ ശരീരം രുചികരമായി സ്വാദ് നോക്കുന്ന ശ്രീനിവാസനെ പരിചയപ്പെടുത്തിയത്, ഇതെല്ലാം ഒരു മാനസികരോഗിയായ മനുഷ്യന് മാത്രം തോന്നുന്ന ചിന്തകളല്ലേ, ചിലർ അക്കമിട്ടു നിരത്തുന്നുണ്ട്. ആയിരിക്കാം, അങ്ങനെയെങ്കിൽ ഞാനൊരു മാനസിക രോഗിയെന്ന് സമ്മതിക്കാം. ഇനിയൊരു തിരിച്ചു ചിന്തയില്ലാത്ത വിധത്തിൽ, തിരിച്ചെടുക്കാൻ ആകാത്ത വിധത്തിൽ ഞാനത് ചെയ്തു പോയിരിക്കുന്നു, ഇനിയും ചെയ്തു പോയേക്കാം, പക്ഷെ ഒരു കാര്യത്തിൽ ശ്രദ്ധിക്കുന്നു, യാഥാർഥ്യവുമായി ബോധത്തിൽ തന്നെ ഇടപെടുന്ന ഒരാളെന്ന നിലയിൽ മനുഷ്യനെ സ്‌നേഹിക്കാനാണ് ഇഷ്ടം.

ചില മനുഷ്യരെ കൊല്ലണമെന്ന് തോന്നിയിട്ടില്ലാത്തവർ ഉണ്ടാകുമോ? ഇക്കാര്യത്തിൽ ഞാൻ ശ്രീനിവാസനെയാണ് കൂട്ട് പിടിക്കുന്നത്. സ്‌നേഹിക്കുന്ന ചിലരെ പല കാലത്തിൽ കുത്തിക്കൊലപ്പെടുത്താൻ തോന്നിയിട്ടുണ്ട്. അന്നത്തെ തോന്നലിൽ എഴുതിയ കഥയൊരെണ്ണം അന്നെവിടെയോ അച്ചടിച്ച് വന്നതായും ഓർക്കുന്നുണ്ട്. എങ്കിലും കൊലപ്പെടുത്തിക്കഴിഞ്ഞാൽ സ്വയം മരണപ്പെടാം എന്നല്ലാതെ പ്രണയിക്കുന്ന മനുഷ്യരെ രുചിക്കാനാവില്ല. അത് ശ്രീനിവാസനെ കഴിയൂ. അയാളെ കടമെടുത്തത് സൈലൻസ് ഓഫ് ലാംപ്‌സിലെ ആ ശാന്തനായ മനുഷ്യന്റെ കണ്ണുകളിൽ നിന്നുമായിരുന്നു. ഹാന്നിബാൽ ലെക്ടർ എന്നയാൾക്ക് ആന്റണി ഹോപ്കിന്‌സിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ ആകാത്ത പോലെ എന്റെ മനസ്സിലുമുണ്ട് അത്രയും പ്രണയം സ്ഫുരിക്കുന്ന കണ്ണുകളുള്ള ഒരുത്തൻ. ഡ്രാക്കുള പ്രഭുവിനെപ്പോലെ അത്ര സുന്ദരനല്ലാത്ത ഒരാൾ. പക്ഷെ ചില പുരുഷന്മാരുടെ പ്രണയമാണ് അവരുടെ ഭംഗി. തീയിൽ വീഴുന്ന ഇയ്യാംപാറ്റകളെപ്പോലെ അയാളിൽ ആരും പെട്ട് പോകും. അയാൾ ചുണ്ടുകൾ കൊണ്ട് ചിരിച്ചാലും കണ്ണുകളിലാണ് അതിന്റെ ജ്വാലയുണ്ടാവുക. ഇത്രയുമൊക്കെ മനസ്സിൽ കരുതിയിട്ടും വയലറ്റ് പൂക്കളിലെ മരണത്തിൽ അയാൾക്ക് ഒരിറ്റ് സ്ഥലമേ നൽകിയുള്ളൂ. അത്രയും മതിയായിരുന്നു, ഒരുപാട് പറഞ്ഞു നിഗൂഢതകളയേണ്ട ഒരുവനല്ല അയാൾ. പറഞ്ഞുപോകുന്ന ചിലതുകളിലേക്ക്കൂടി അയാൾ അനാദി കാലം വായിക്കുന്നവരുടെ ഭീതിയിലും പ്രണയത്തിലും കൊളുത്തിക്കിടക്കണം. വല്ലാത്തൊരു മാനസികരോഗം തന്നെ!


Related Articles