അതിരാവിലെ കിളിമരത്തിൽ ഒളിച്ചിരുന്നു വിളിക്കാറുണ്ട്
ഉണരൂ, ഉണരൂവെന്നൊരു കിളിനാദം.
തെച്ചിയിൽ, മഞ്ഞക്കൈനാറിയിൽ,
തുള്ളിച്ചാടി മണി മുഴക്കും പോലെ കുരുവികൾ.
അയലത്തെ പൂവൻകോഴി ഗൗരവത്തിലാണ്.
അണ്ണാറക്കണ്ണനെ ആരോ ഭയപ്പെടുത്തിയിരിക്കുന്നു.
ഇത്തരം ഒച്ചകളില്ലാതെ എങ്ങനെ പുലരും!
പത്രക്കാരൻ്റെ, പാൽക്കാരൻ്റെ പതിവായി വന്നു പോകുന്ന ഒച്ചകൾ.
പരിമിതമായ ഞരക്കങ്ങൾ, പാട്ടുകൾ.
പല വഴിയേ പോയ പക്ഷിക്കലമ്പലുകൾ.
എത്ര ശബ്ദങ്ങളാണ് ഒച്ചകളാകുന്നത്!
ഓരോ പകലും ശബ്ദങ്ങളുടെ ഇരമ്പലിൽ മുങ്ങിത്താഴുന്നു.
ഓരോ രാത്രിയും ഭീതിതമായി കടലിരമ്പുന്നു.
നിർത്താതെ കരയുന്ന കുഞ്ഞുങ്ങൾ
മനസ്സിൽ തീ പടർത്തുന്നു.
പള്ളികളിലെ വാങ്കുവിളികൾ,
അമ്പലത്തിലെ മണി നാദങ്ങൾ,
എല്ലാമൊരു സമതുലനമായിത്തീരുന്നു.
ചിലപ്പോൾ കടലിരമ്പുന്നത് ആമാശയത്തിലാണ്.
അത് കരകയറി വരുമെന്നൊരു ഭയം.
എൻ്റെ മാത്രമല്ല, എത്രയോ ആമാശയങ്ങളിൽ കടലിരമ്പും?
അവയൊക്കെ കരകയറി വരുന്നൊരൊച്ച,
ഒടുങ്ങാതെ കാതിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു.
അപരിചിതമെങ്കിലും പതിയെ അത് പരിചിതമായ്ത്തീരും.
ആരും ഗൗനിക്കാത്തൊരു നഗരത്തെ പതിയെ വിഴുങ്ങും.
Summary: Idakulangara Gopan's poem, Ettavum Vilappetta Ochakal
