ദേശാഖ്യാനത്തിൻ്റെ രാഷ്ട്രീയരൂപകം

Readers Ink

ദേശാഖ്യാനത്തിൻ്റെ രാഷ്ട്രീയരൂപകം


ആരും പറയാത്ത കഥകളിലേക്ക്, കഥാഭൂമികളിലേക്ക്, മനുഷ്യവംശങ്ങളിലേക്ക് എഴുത്തുകാർ അവരുടെ ഭാവനാജീവിതത്തെ നയിക്കുന്നത് പ്രതീക്ഷയോടെ കാണുന്നു. കഥകൾകൊണ്ട് സമ്പന്നമായ തുളുനാടൻ ഗ്രാമങ്ങളിൽനിന്ന് ഭാവനയുടെ ഇഴചേർത്ത് വികസിപ്പിച്ചെടുത്ത അവിസ്മരണീയമായ ഒരെഴുത്ത്. കെ.എൻ.പ്രശാന്തിൻ്റെ 'കൂർമ്മം' എന്ന നോവലിനെ ഒറ്റവാക്യത്തിൽ അങ്ങനെ രേഖപ്പെടുത്താം. കഥകളുടെ അടരുകൾക്കുള്ളിൽ ജീവിതത്തെക്കുറിച്ചുള്ള നിരവധി തത്ത്വങ്ങളാണ് 'കൂർമ്മ'ത്തിൽ കുടുങ്ങിക്കിടക്കുന്നത്. മനുഷ്യവൈവിധ്യത്തിൻ്റെ നാനാതരം പ്രകടനങ്ങൾ, പലായനങ്ങൾ, അധിനിവേശങ്ങൾ, അടിച്ചമർത്തലുകൾ, കൂടിച്ചേരലുകൾ, കൂടിപ്പിരിയലുകൾ...ഇങ്ങനെ തുളുനാടിൻ്റെ തെക്കേ അതിരിൽ പല കാലങ്ങളിലായി പടർന്ന യാഥാർത്ഥ്യങ്ങളാണ് 'കൂർമ്മ'ത്തിൻ്റെ ഉള്ള് നിറയെ. ബഹുസ്വരസമൂഹത്തിൽ പടർന്നുകയറുന്ന വർഗ്ഗീയതയുടേയും വംശീയതയുടേയും വേരുപടലങ്ങൾ ഉപകഥകളിൽ ചേർത്ത് വെച്ച് ദേശാഖ്യാനത്തിൻ്റെ ഏറ്റവും മികച്ച രാഷ്ട്രീയരൂപകമായി 'കൂർമ്മം' മാറിയിരിക്കുന്നു.

ഇതിനു മുമ്പ് 'പൊന'ത്തിലാണ് വടക്കൻജീവിതത്തിൻ്റെ വേറിട്ട ചിത്രം നാം വായിച്ചത്. 'കൂർമ്മ'ത്തിൽ തീർത്തും വ്യത്യസ്തമായ മറ്റൊരു ജീവിതമണ്ഡലം അനാവൃതമാകുന്നു. കല്യാട്ട് നമ്പ്യാരിലൂടെ, ഉദയന്നൂര് കോവിലകത്തിലൂടെ, കാസർകോട് മുസോടി കടപ്പുറത്തേക്കും കർണ്ണാടകയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും ഗോവയിലേക്കും നീളുന്ന കഥനവഴി വായനക്കാരെ പുസ്തകത്തിൽ കെട്ടിയിടും. മുതലവേട്ടയുടെ കാടനുഭവങ്ങളും മീൻവേട്ടയുടെ കടലനുഭവങ്ങളും കാട്ടിൽ നിന്നും പറിച്ചെറിയപ്പെട്ട പാവം മനുഷ്യരുടെ അതിജീവനപർവ്വങ്ങളും എല്ലാം ചേർന്ന് സൃഷ്ടിക്കപ്പെട്ട പുതിയൊരു അനുഭവലോകമാണ് കൂർമ്മത്തിൻ്റെ സഞ്ചാരപഥം. ജീവിതം നിർമ്മിക്കാനുള്ള ഓട്ടത്തിനിടയിൽപെട്ടു കുഴഞ്ഞുപോകുന്ന മനുഷ്യരെക്കുറിച്ച് ഇനിയും എത്രയോ പറയാനിരിക്കുന്നു. മാസ്മരികലാവണ്യം പൊഴിയുന്ന എഴുത്തുകൊണ്ട് പ്രശാന്ത് എന്ന എഴുത്താൾ ആ മനുഷ്യഗാഥയിൽ നിങ്ങളെ വിലയിപ്പിച്ചുകളയും.


Related Articles