തട്ടിയെടുത്ത കത്തും മറ്റു തർക്കങ്ങളും

Readers Ink

തട്ടിയെടുത്ത കത്തും മറ്റു തർക്കങ്ങളും


അപസർപ്പകകഥയുടെ പിതാവായ എഡ്ഗർ അലൻ പോ തന്റെ ഏറ്റവും മികച്ച കഥാസന്താനമെന്നു കണക്കാക്കിയിരുന്നത് 'തട്ടിയെടുത്ത കത്ത്' (The Purloined Letter, 1844) നെയാണ്. കഥയിലെ കുറ്റാന്വേഷകരുടെ കുലകൂടസ്ഥനായ സി. ഒഗസ്ത് ദ്യൂപിൻ പ്രത്യക്ഷപ്പെട്ട അലൻപോയുടെ മൂന്ന് അപസർപ്പകകഥകളിൽ മൂന്നാമത്തേത്. ആ കഥയെ വിമർശകർ പലതരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് പ്രസ്ഥാനത്തിലെ ഫ്രഞ്ച് മനോവിശ്ലേഷണ സൈദ്ധാന്തികനായ ഴാക് ലക്കാൻ ആ കഥയെ മുൻനിർത്തി ഭാഷയെയും അബോധഘടനയെയും കുറിച്ചുള്ള അതിസങ്കീർണവും അതിപ്രസിദ്ധവുമായ ഒരു വിശകലനപ്രബന്ധംതന്നെ അവതരിപ്പിച്ചു. അപനിർമ്മാണത്തിന്റെ സ്രഷ്ടാവായ ഫ്രഞ്ച് തത്ത്വചിന്തകൻ ഴാക് ദെറിദ ലക്കാന്റെ വിശകലനത്തെ നഖശിഖാന്തം എതിർത്തുകൊണ്ട് മറ്റൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അപനിർമ്മാണനിരൂപകയായ ബാർബറാ ജോൺസണാകട്ടെ ലക്കാനെയും ദെറിദയെയും ഒരുപോലെ വിമർശിച്ച് വേറൊരു പ്രബന്ധമെഴുതി. ആ മൂന്നു വിശകലനങ്ങളെയും കേന്ദ്രമാക്കി ഒട്ടെറെ പ്രബന്ധങ്ങൾ പിന്നെയുമുണ്ടായി. എല്ലാ തർക്കങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വഴിയൊരുക്കുകമാത്രമല്ല ഇനിയും തർക്കിക്കാനും വ്യാഖ്യാനിക്കാനുമുള്ള വഴികൾ ബാക്കിവച്ച് ഇപ്പോഴും പുതുമയോടെ നില്ക്കുന്നു, ഒന്നേമുക്കാൽ നൂറ്റാണ്ടു പഴക്കമുള്ള 'തട്ടിയെടുത്ത കത്ത്.'

എന്താണ് ഉള്ളടക്കമെന്ന് ആർക്കുമറിയാത്ത ഒരു കത്തിന്റെ പരസ്യമായ അപഹരണവും അതിന്റെ (അപസർപ്പകനായ ദ്യൂപിൻ നടത്തുന്ന) രഹസ്യമായ വീണ്ടെടുക്കലുമാണ് 'തട്ടിയെടുത്ത കത്തി'ലെ പ്രമേയം. 'റ്യൂമോർഗിലെ കൊലപാതകങ്ങൾ' (The Murders in the Rue Morgue) എന്ന മറ്റൊരു ദ്യൂപിൻ കഥയുടെ ശുദ്ധീകരിച്ച രൂപമാണ് ഈ കഥയെന്നു പറയാം. പാരീസിലെ തങ്ങളുടെ വാസസ്ഥലത്തെ ചെറിയ ലൈബ്രറിയിൽ സുഹൃത്തായ ദ്യൂപിനൊപ്പം പൈപ്പു വലിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ധ്യനേരത്താണ് ആഖ്യാതാവ് കഥയാരംഭിക്കുന്നത്. ദ്യൂപിൻ ഇടപെട്ട് സത്യം തെളിയിച്ച് റ്യൂമോർഗിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾ ആ ദിവസം നേരത്തേ നടത്തിയ സംഭാഷണത്തെ ആഖ്യാതാവ് മനസ്സുകൊണ്ട് അപഗ്രഥിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് മേധാവിയായ ജി-അവിടേക്കു കടന്നുവരുന്നു. തന്നെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്ന ഒരു പ്രശ്‌നത്തിൽ ദ്യൂപിന്റെ ഉപദേശം തേടാനാണ് ജി-യുടെ വരവ്. വളരെ ലളിതമെങ്കിലും ആ കുഴക്കുന്ന ഒരു പ്രശ്‌നമാണ് അയാൾക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. രാജഭരണം നിലവിലിരിക്കുന്ന ഫ്രാൻസിൽ കൊട്ടാരത്തിൽനിന്ന് ഒരു പ്രത്യേക രേഖ തട്ടിയെടുക്കപ്പെട്ടതാണു വിഷയം. ആരാണ് അതു തട്ടിയെടുത്തതെന്നുമറിയാം. അയാൾ അതെടുക്കുന്നുതിനു സാക്ഷിയുമുണ്ട്. പക്ഷേ, മോഷ്ടാവിൽനിന്ന് അതു തിരിച്ചെടുക്കുക എളുപ്പമല്ല. ആ രേഖ കൈവശമിരിക്കുന്നത് മോഷ്ടാവിനു ചില പ്രത്യേക കേന്ദ്രങ്ങളിൽ അമിതമായ അധികാരശക്തി നൽകും. രേഖ പുറത്തുവരുന്നത് ഉന്നതപദവിയിലുള്ള ഒരാളുടെ അന്തസ്സിന് ഇടിവുമുണ്ടാകുമെന്നതിനാൽ ആളെ വെളിപ്പെടുത്താനും കഴിയില്ല. മോഷ്ടിച്ചയാൾക്ക് ആ വ്യക്തിയിൽ മേൽക്കോയ്മ ചെലുത്താനും രേഖ സഹായിക്കും.


Related Articles