ബ്രിട്ടീഷ് അധിനിവേശാധിപത്യത്തിന്റെയും അധിനിവേശാധുനികത്വത്തിന്റെയും നിയമനിർമ്മാണത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇന്ത്യൻ അപസർപ്പകരുടെ രംഗപ്രവേശം. ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനവും ഇംഗ്ലിഷ് പുസ്തകവ്യാപാരത്തിന്റെ വികാസവും അവരെ വളർത്തിയെടുത്തു. കോനൻ ഡോയ്ലും ഷെർലക് ഹോംസും ആ വളർച്ചയിൽ മാതൃകകളായതിൽ അതിശയിക്കാനില്ല. ഡോയ്ൽ മാത്രമല്ല വിൽക്കി കോളിൻസ് തൊട്ടുള്ള എഴുത്തുകാരും ഇന്ത്യൻഭാഷകളിലെ കുറ്റാന്വേഷണസാഹിത്യത്തെ സ്വാധീനിച്ചു. മലയാളത്തിൽ അപ്പൻ തമ്പുരാൻ സൃഷ്ടിച്ച 'സ്റ്റേഷനാപ്സർ' ഭാസ്കരമേനോൻ എന്ന പോലീസ് ഡിറ്റക്ടീവും ബംഗാളിയിൽ ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച 'സത്യാന്വേഷി'യായ വ്യോമകേശ് ബക്ഷി എന്ന സ്വതന്ത്ര ഡിറ്റക്ടീവും അതിന്റെ മാതൃകകളാണ്. ഇന്ത്യൻ അപസർപ്പകർ പിന്നീടും പലരുണ്ടായെങ്കിലും വ്യോമകേശ് ബക്ഷി (ബ്യോംകേഷ് ബക്ഷിയെന്നു ബംഗാളി) യെപ്പോലെ പ്രസിദ്ധരാരുമില്ല. അപസർപ്പക കഥാകൃത്തുകൂടിയായിരുന്ന സത്യജിത് റായ് (പ്രദോഷ് ചന്ദ്ര മിശ്ര എന്ന ഫെലൂദായെ കേന്ദ്രമാക്കി റായി എഴുതിയ കഥകൾ ഓർക്കുക) തൊട്ട് പലരും വ്യോമകേശ് ബക്ഷിയെ സ്ക്രീനിലെത്തിച്ചു. സ്വാതന്ത്ര്യത്തിനുമുമ്പ് സൃഷ്ടിക്കപ്പെട്ട വ്യോമകേശ് ബക്ഷിക്കും സഹായിയും കഥാവ്യാഖ്യാതാവുമായ അജിത് ബാനർജിക്കും ഷെർലക് ഹോംസ്-- വാട്സൺ ദ്വയത്തിന്റെ ഛായയുണ്ടെങ്കിലും അവരുടെ അന്വേഷണത്തിലും കുറ്റകൃത്യസങ്കല്പത്തിലും പാശ്ചാത്യാധമർണ്യം കുറവാണ്. വിവാഹിതനും മധ്യവർഗക്കാരനുമായ ബക്ഷി വായനക്കാർക്കു പ്രിയങ്കരനായതും അങ്ങനെതന്നെ.
'സത്യാന്വേഷി' (1932) എന്ന കഥയിലാണ് വ്യോമകേശ് ബക്ഷിയും അജിത് ബാനർജിയും ആദ്യം പ്രത്യക്ഷപ്പെട്ടത്. അതുവരെ ബംഗാളി സാഹിത്യത്തിൽ ഉണ്ടായിരുന്ന അപസർപ്പകരെല്ലാം ബ്രിട്ടീഷ് പോലീസ് സേനയിൽ ഉദ്യോഗസ്ഥരായിരുന്നവരായിരുന്നു. ജന്മത്തിൽ ഇന്ത്യക്കാരെങ്കിലും കർമത്തിൽ ബ്രിട്ടീഷുകാരായി അഥവാ അധിവേശഭരണകൂടം സൃഷ്ടിച്ച ഇന്ത്യക്കാരായിരുന്ന അവരിൽനിന്നു വ്യത്യസ്തനായിരുന്നു വ്യോമകേശ്. ബ്രിട്ടീഷ് ഭരണം നിലനിന്ന സ്വാതന്ത്ര്യപൂർവകാലത്തെഴുതിയ കഥകളിൽപ്പോലും ശരദിന്ദു ബന്ദോപാധ്യായ സാമ്രാജ്യാധികാരത്തെപ്പറ്റി നിശ്ശബ്ദത പുലർത്തി. ബ്രിട്ടീഷ് ഓഫീസർമാരാണ് കൊൽക്കത്ത പോലീസിനെ നിയന്ത്രിച്ചിരുന്നതെങ്കിലും വ്യോമകേശ് ബക്ഷിയുടെ കുറ്റാന്വേഷണ ലോകത്ത് ഇന്ത്യക്കാർ മാത്രമേയുള്ളൂ. പാശ്ചാത്യവേഷം ധരിക്കാത്ത, കുർത്തയും ധോത്തിയുമണിയുന്ന മധ്യവർഗ ഇന്ത്യക്കാരനായ ആ അപസർപ്പകനിലൂടെ ശരദിന്ദു തന്റേതായൊരു ദേശീയതാബോധം സൃഷ്ടിച്ചു. ബക്ഷികഥകൾ പിറന്നത് ദേശീയ സ്വാതന്ത്ര്യസമരം തീവ്രമായിരുന്ന കാലഘട്ടത്തിലായിരുന്നെങ്കിലും അവയിൽ അതിന്റെ പ്രതിഫലനമില്ലല്ലോ എന്ന ന്യായമായ സംശയത്തിനു നല്കാവുന്ന ഉത്തരമാണ് ബ്രിട്ടീഷ് പോലീസധികാരത്തിന്റെ അസാന്നിധ്യം.
