അസ്തമയം

Readers Ink

അസ്തമയം


നട്ടുച്ചയ്ക്ക്
കൊഴുത്ത ഇരുട്ട്
മുഖത്തെ മൂടി;
ഘോരാന്ധകാരം,
കനത്ത നിശ്ശബ്ദതയും.

 നിശ്ശബ്ദതയെ തുളച്ചു കൊണ്ട്
കടുത്ത ശബ്ദത്തിൽ
ഇരുട്ടിൽ നിലതെറ്റിയൊരു കാക്ക
ഒരു മരം കണ്ടെത്തിയെന്നതുപോലെ
എന്റെ തലയിൽ....
പിടിമുറുക്കി കഴുത്തു വളച്ച്
ഒരിറച്ചിത്തുണ്ട് കിട്ടിയ മട്ടിലെന്റെ
മൂക്കു കടിച്ചുപറിച്ചു 
ചോര ചാടി
നിണം നിണം എന്നു ഞാൻ നിലവിളിച്ചു.
എന്റെ നിലവിളിയിൽ പതറി..
എന്റെ മുലകളിൽ മാന്തി  
പറന്നിരുട്ടിലെവിടെയോ ഇടിച്ചു
നിലതെറ്റി നിലത്തെവിടെയോ..

 തപ്പിതടഞ്ഞു വീണ്ടും ഞാൻ
കാലിൽ തടഞ്ഞതൊരു കുഞ്ഞുപാവ;
മുക്കാലും നഗ്നം
കൈകളിൽ കൊഴുത്തതെന്തൊ പുരണ്ടു
നിണം നിണം എന്നു ഞാൻ നിലവിളിച്ചു.
മുന്നോട്ടു പിന്നെയും തപ്പിത്തടഞ്ഞു.

 മിന്നൽപ്പിണർ പോലെയൊരു വെളിച്ചം
ഒരു നിമിഷം മാത്രം..
എന്റെ മുന്നിലേക്ക് ശാന്തമായി
ഒഴുകിവരുന്ന ഒരു ചോരപ്പുഴ
ഓളങ്ങളിൽ തുള്ളിയോരാലില മാത്രം കാണാം.
നിണം നിണം എന്നു ഞാൻ നിലവിളിച്ചു


Related Articles