അശരണരുടെ കടല്‍

Readers Ink

അശരണരുടെ കടല്‍


നടുക്കുന്ന സ്വപ്‌നത്തില്‍നിന്ന് ഞെട്ടിയുണരുമ്പോള്‍, സുഹാന കപ്പല്‍ത്തട്ടിലായിരുന്നു. അതിനെ കപ്പല്‍ എന്ന് വിളിക്കാമോയെന്ന് അറിയില്ല. അവള്‍ കണ്ട കപ്പലുകളൊന്നും അങ്ങനെ ഒന്നായിരുന്നില്ല. അതിന് വലിയ വലുപ്പമില്ല. കൂറ്റന്‍ കപ്പല്‍പ്പായകളില്ല. അനേകം മുറികളില്ല. കപ്പിത്താനോ നാവിക ജോലിക്കാരോ ഇല്ല. വയറുനിറഞ്ഞവരെപ്പോലെ ഇടയ്ക്കിടെ, ഏമ്പക്കം വിടുന്നതുപോലെ അത് ഓളിയിട്ടിരുന്നില്ല. അതിനുള്ളിലെ മനുഷ്യരെപോലെതന്നെ, വിശപ്പിനാല്‍വലഞ്ഞ് ഒരു കിതപ്പോടെ അതങ്ങനെ മന്ദം നീങ്ങുകയായിരുന്നു. നോഹയുടെ പേടകംപോലെ പ്രാകൃതമായൊരു പത്തേമാരി. ജങ്കാറയെന്നാണ് അതിനെ ബാബ വിശേഷിപ്പിച്ചത്. പക്ഷേ അതില്‍ നിറയെ ഒരു കപ്പല്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യരുണ്ടായിരുന്നു. അവര്‍ ഇരുന്നും കിടന്നും നിന്നും അതില്‍ ഉറങ്ങുന്നു.

ഉറക്കം.

ജീവിതത്തെ വിസ്മരിക്കാന്‍ ഇതിനേക്കാള്‍ നല്ല ഉപകരണമില്ല.

കഴിഞ്ഞ രാത്രിയിലുണ്ടായ പേമാരിയെ അതിജീവിച്ച് അത് മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയിട്ട് അധികം സമയമായിരുന്നില്ല. അതിനുള്ളിലുള്ളവരെയും സാധനങ്ങളെയും ആ നശിച്ച, അഹങ്കാരിയായ മഴ നിരന്തരം നനച്ചുകൊണ്ടിരിക്കുന്നു. നനഞ്ഞ കോഴികളെപ്പോലെ മനുഷ്യര്‍ അതിനുള്ളില്‍ ഇരുന്നു. രാക്ഷസീയ ഭാവങ്ങള്‍വെടിഞ്ഞ് തിരമാലകള്‍ ശാന്തമായിത്തുടങ്ങിയിരിക്കുന്നു.


Related Articles