അച്ഛന് മരിച്ചതിന്റെ മൂന്നാം ദിവസം വീടിനടുത്തെ കായല്‍ കരയിലെ മരബെഞ്ചില്‍ കായലിന്റെ ഓളങ്ങള്‍ കാറ്റിനോട് കഥ പറയുന്നത് വെറുതെ നോക്കിയിരിക്കുമ്പോളാണ് അവള്‍ വന്നു വിളിച്ചത്.
'ആരോ വന്നിട്ടുണ്ട്, വീട്ടില്, ആരാന്നറീല..'
അപരിചിത സന്ദര്‍ശനത്തിന്റെ സംശയം മണക്കുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.
കായല്‍ കരയില്‍ നിന്ന് വീട്ടിലേക്ക് ഒരു നീണ്ടനടപ്പാതയുണ്ട്. അച്ഛന് ഏറെ ഇഷ്ടമുണ്ടായിരുന്ന വഴി. രാവിലെ മുതല്‍ വൈകുന്നേരം വരെ എത്ര നേരം അവിടെയിരുന്നാലും അദ്ദേഹത്തിന് മടുപ്പുണ്ടാവുമായിരുന്നില്ല. അച്ഛനുണ്ടായിരുന്ന സമയത്തൊന്നും ഇവിടേക്ക് വരാന്‍ ശ്രമിച്ചതേയില്ലല്ലോയെന്ന് അയാള്‍ വെറുതേ ചിന്തിച്ചു. കാരണം അത്രമാത്രം എന്തോ ഒരു ശാന്തത മനസ്സിന് കൈവരുന്നതായി അവിടെയിരുന്നപ്പോള്‍ അയാള്‍ക്ക് തോന്നിയിരുന്നു.
