വിറ്റ്മാൻ-നെരൂദ നദീതീരത്ത്‌- മാങ്ങാട് രത്നാകരൻ എഴുതിയ കവിത

Poem

വിറ്റ്മാൻ-നെരൂദ നദീതീരത്ത്‌- മാങ്ങാട് രത്നാകരൻ എഴുതിയ കവിത


 

 

ന്യൂയോർക്കിൽ മാൻഹാട്ടണിൽ
ഹഡ്സൺ നദീതീരത്തെ
കൈവരിയിൽ ചാരി
ദൂരെ സ്വാതന്ത്ര്യപ്രതിമ നോക്കിയും
തിരിഞ്ഞ് ക്യാമറയ്ക്കു
മുഖം കൊടുത്തും
ഞാനും നിന്നിട്ടുണ്ട് മഹാകവേ,
നിന്റെ പ്രിയൻ, എന്റെ പ്രിയൻ
കവികുലത്തിനാകെ പ്രിയൻ
ഫെദറീകോയും1
('ഓർക്കുന്നില്ലേ ഫെദറീകോ?')
ഈ നദീതീരത്ത് അലഞ്ഞിരുന്നു.
കവി ന്യൂയോർക്കിൽ,
(അതോ, കവിയിൽ
ന്യൂയോർക്കോ?)

'ഇടതൂർന്ന താടിയിൽ ചിത്രശലഭങ്ങളുള്ള
മഞ്ഞുപോലുള്ള
സുന്ദര വൃദ്ധൻ'2
വാൾട്ട് വിറ്റ്മാനെ വാഴ്ത്തിയിരുന്നു
നിന്റെ ശത്രുമിത്രം
(കവിതയിൽ വിശേഷിച്ചും)
നികനോർ പാർറ കളിയാക്കിയതു
ഞങ്ങൾക്കു ഹൃദിസ്ഥം:
'സ്വാതന്ത്ര്യം
ഒരു പ്രതിമയായിരിക്കുന്ന രാജ്യം.'3
വിറ്റ്മാനെ വരിവരിയായി വിളിച്ചുണർത്തി
ആയുധമണിഞ്ഞ നിന്റെ കവിത
പോർക്കലി പൂണ്ട ചോരക്കൊതിയൻ
നിക്സണെ വേരോടെ
പിഴുതെറിയാൻ
കാഹളം മുഴക്കി.4
ആദ്യത്തെ 9/11ൽ5
കവിത ജയിച്ചില്ല.
പകരംയന്ത്രത്തോക്കുകൾ ജയിച്ചു.
ഫിദെൽ സമ്മാനിച്ച എകെ47
അയ്യെന്ദെ തനിക്കു നേരെ തിരിച്ചു.
രണ്ടാമത്തെ 9/11ൽ
നിക്സൺ രണ്ടാമനായ
ജോർജ് ബുഷ്
വാലും ചുരുട്ടി പരക്കംപാഞ്ഞു.
ചിലിയുടെ ഭൂപടം പോലെ
നീണ്ട
ഒരു മേഘനാട
സൂര്യനെ ഉടുപ്പിച്ചു
അഴിച്ചുരസിച്ചു.
ആ നിമിഷത്തിൽ
നാം കണ്ടുമുട്ടി.
കവിതയെ ആയുധമണിയിക്കൂ,
നെരൂദ തോളിൽ കയ്യിട്ടു.
കാലുറക്കീശയ്ക്കുള്ളിൽ
ഞാൻ മുഷ്ടി ചുരുട്ടി.


Related Articles