മുടിച്ചുരുൾ പോലെ
രാത്രിയെ ആരോ
മുറിച്ചുമുറിച്ച് താഴേക്കിടുന്നു.
തൊടിയിൽ
ഇരുട്ട്
ചെവിയാട്ടിനിൽക്കുന്നു;
ഇടഞ്ഞ
വിഷാദത്തിൻ്റെ
ഒറ്റയാൻ.
കഴുത്തു പിരിച്ചിട്ട കോഴിയെപ്പോലെ
പിടക്കുന്നു
പുരപ്പുറത്ത് മഴ.
അത് ചത്തു തീരുന്നതേയില്ല.
മേഞ്ഞ വേദനകളെല്ലാം
കൂടണഞ്ഞു.
ഞാൻ മരിച്ചിരിക്കുന്നു.
