വിമതവെളിച്ചം

Poem

വിമതവെളിച്ചം


സൂര്യകിരണങ്ങൾ വിസർജ്ജിക്കുന്ന ഒരാൾ.

അയാൾ ഇരുന്ന കസേരകൾ ചുട്ടുപൊള്ളി.
ഓരോ ചുവടിലും അയാളുടെ പാൻ്റ്സിനുള്ളിൽ
ആയിരം മിന്നാമിന്നികൾ ഒരുമിച്ച് ചിറകടിച്ചു.
അയാൾ നടന്ന വഴികളിൽ പറ്റിപ്പിടിച്ചുകിടന്ന പ്രകാശം
അഴുക്കുചാലുകളിലെ പുഴുക്കളെ ചിത്രശലഭങ്ങളാക്കി മാറ്റി
മഞ്ഞുകാലം അയാൾ കാരണം ഉരുകിപ്പോയി.
അയാളുടെ പുതപ്പിനടിയിൽ നിന്നും
നട്ടപ്പാതിരകളിൽ ഉദിച്ചുയർന്ന പുലരികൾ
അയൽവാസികളുടെ സ്വപ്നങ്ങളെ പൊള്ളിച്ചു.
അഴുക്കിൽ നിന്ന് സത്യവെളിച്ചമുണ്ടാകുന്ന മാന്ത്രികതയെ
മായാവെളിച്ചത്തിന്റെ ലോകം ഭ്രാന്തെന്ന് വിളിച്ചു.
പക്ഷേ, ഇരുട്ടിൽ തപ്പുന്നവർക്കും രാത്രികളെ ഭയക്കുന്നവർക്കും
അയാളൊരു രഹസ്യനക്ഷത്രമായി.

അക്കാരണത്താൽ അയാളെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി അപ്രത്യക്ഷനാക്കി.


Related Articles