ബുർജ്ഖലീഫ കാണൽ

Poem

ബുർജ്ഖലീഫ കാണൽ



വെള്ളത്തൂവൽ സ്‌കൂളിൽ
വെയിലിൽ ഉണക്കാനിട്ട
പാവാടകൾ പോലെ
ഏപ്രിൽ മരങ്ങൾ
ഉലയുമ്പോൾ
വെള്ളിയക്ഷിയുടെ
ചുഴലികേറിയ പോലെ
പഴങ്കഞ്ഞിയുടെ
നുരക്കുത്തിൽ
അസംബ്ലിമൈതാനത്ത്
ദേശീയഗാനത്തിനൊപ്പം
തലകറങ്ങിവീണ ദുസ്വപ്‌നമേ,

പതചിന്തിയ ചെറുചുണ്ടുകളെ
പരിഹസിച്ച് ചെവി
കിഴുക്കിയ ഹെഡ്മാഷേ,
പതിനാലാംമണിക്കൂറിലും
ചുറ്റികരാക്ഷസനെ
പൊക്കിയെടുത്തടിക്കുന്ന
ലേബർക്യാമ്പിലെ നട്ടുച്ചയിൽ
അതേ ചുഴലിയിൽ
തലയിടിച്ച് വീണ്
കിതച്ചതിനാൽ

പോടാ എന്ന് അറബിയിൽ
നാഭിക്ക് കിഴുക്കപ്പെട്ട്
എന്റേതല്ലാത്ത കേരളമേ
നിന്നിലേക്ക് തിരിച്ചുപറക്കാൻ
അവശിഷ്ട മണിക്കൂറുകൾ
തളംകെട്ടി നിൽക്കെ,

കാറിൽ എയർപോർട്ടിലാക്കാം എന്ന
കറാച്ചിക്കൂട്ടുകാരന്റെ
നിശ്വാസം വിശ്വസിച്ച്
അതുവരെ നേരം കളയാൻ

മൂട്ടകളും സെന്റ്കുപ്പികളുമുളള
ശിഷ്ടബാഗുമായി
ലോകത്തെ ഏറ്റവും ഉയരം കൂടിയ
ഇതിന്റെ മുമ്പിൽ നിൽക്കുകയാണ്.

ഉയരോദ്ധാരണത്തെ
ആസ്വദിക്കുകയാണ്.

മറ്റൊരു ഖലീഫ
പരദാഹവരൾച്ചയിൽ
ഷഡ്ഡിയിൽ
ഒന്നുകൂടി ചുരുങ്ങുകയാണ്.

എങ്കിലും
പതിവുപോലെ
നട്ടെല്ലുവളച്ച്
ആവുന്നത്ര ഉയർന്ന്
ഒരാത്മചിത്രമെടുത്തു.
നാട്ടിലെത്തിയാൽ
നിരാശകളെ അഭിമുഖീകരിക്കാൻ
ഉയരമുള്ളൊരു സെൽഫിയായി.

ചില സെൽഫികൾ
പശ്ചാത്തലങ്ങളിലെ അത്യാഡംബരങ്ങൾ കൊണ്ട്
അതിൽ ഉൾപ്പെട്ടവനെയും
ധനികനാക്കും.

ഇന്നു രാത്രി
ബുർജ് ഖലീഫയെക്കാളും താഴെക്കൂടി
വിമാനം എന്നെ കരിപ്പൂരിലെത്തിക്കും.
കാലുകുത്തുമ്പോൾ
ആകെയുള്ള സമ്പാദ്യം
ഇത്രയും കാലം പണിയെടുത്ത് നേടിയ
ഉയരമുള്ള ഈ സെൽഫിയാണ്.

ബാബേൽ ഗോപുരം പണിത
ആദിമ അടിമകളെ
ദൈവം ഭാഷകൊണ്ട് ചിതറിപ്പിച്ചത്
എന്തിനാണെന്ന്
ഇപ്പോ ശരിക്കും ബോധ്യമായി.

മൂന്നു മക്കൾക്കുമായി
ഈ സെൽഫി വീതിച്ചുനൽകും.
ബുർജ് ഖലീഫയേക്കാളും
ആഴമുള്ള പാതാളത്തിലേക്ക്
പതിക്കുമ്പോഴും
അവസാനത്തെ തുള്ളി അത്തറും പൂശി
ഞങ്ങൾ പറയുക തന്നെ ചെയ്യും:

മനോഹരമായ
എടുപ്പുകൾക്കും മഹലുകൾക്കും
പാർലമെന്റുകൾക്കും മുന്നിൽ
കണ്ണുപറ്റാത്ത നോക്കുസെൽഫികളായി
ഞങ്ങളും ജീവിച്ചിരുന്നു.

M. S. Banesh’s poem poignantly portrays the struggles and silent despair of diasporic life through the story of a man from Kerala who migrates to Dubai in search of a better future. The poem captures his dreams, hardships, and emotional alienation in a foreign land—a journey filled with sacrifice, longing, and unfulfilled promises. Despite years of toil under the blazing desert sun, his life ends in quiet irony: he returns home empty-handed, with nothing tangible to show for his labor except a single selfie taken in front of the Burj Khalifa. Through this haunting image, Banesh reflects on the illusion of success, the loneliness of migrant existence, and the deep human cost behind the glittering facade of global cities.


Related Articles