കട്ടിയുള്ള
കുന്നുറവ്
ഞങ്ങളുടെ കണ്ടത്തിൽ
ഒലിക്കുന്നു
കാടിറങ്ങി
പന്നിയും പക്ഷികളും
ആ വെള്ളത്തിൽ
കിടന്നുരുണ്ടു
കുന്നിറങ്ങി
കാട്ടിലൂടെ
വെള്ളമെടുക്കാൻ
പെണ്ണൊരുത്തി
വന്നുപോയിരുന്നു
ഓലമെടയാനും
ചക്കചെത്താനും
അമ്മയോടുകൂടിയിരുന്നു
എനിക്കുവെച്ച
ഈന്തിൻപുട്ട്
അമ്മ
അവൾക്കും കൊടുത്തു
നേരംപോയാൽ
മിന്നലുപോലൊരു വിളി
കുന്നിറങ്ങി വീഴും
പാത്രവുംകൊണ്ട്
പെണ്ണവൾ
ഓടിപ്പോകും
വെള്ളം മറിഞ്ഞ്
അവളുടെ നെഞ്ഞ്
നനഞ്ഞിരുന്നു
കാട്ടിലൂടെ
ഒറ്റയ്ക്കു പോകുന്ന
പെണ്ണൊരുത്തിയെ
അമ്മ ആലോചിക്കും
കാടവൾക്ക്
പൂക്കൾ
തേനെടുക്കാൻ വന്ന
ആണൊരുത്തൻ
കാട്ടിൽ
അവളെ വിളിച്ചിരുന്നു
പാത്രം
ഇലകളിൽ വെച്ച്
അവൾ പോയി
ഓടിപ്പോയവളുടെ പുരയിൽ
കുന്നും കയറി
അമ്മ പോയിരുന്നില്ല
ഇന്നലെ
ഇരുട്ടിൽ
ഉറങ്ങാതെ
ഒലിച്ചുകൊണ്ടിരുന്ന
വെള്ളവും നോക്കി
അമ്മ
ആലോചിക്കുന്നതു കണ്ടു
Vellam by Nandanan Mullambath is lyrical reflection on childhood, nature, and a mother’s quiet care, capturing the intimate moments of village life.
