മുഖക്കുരു കാണിക്കാൻ ക്ലിനിക്കിൽ പോയതാണ്.
മുതുകിൽ
വലിയൊരു കൂനുമായി
ഒരാളെന്നെ മറച്ചുപിടിച്ചു.
ഏറ്റവും പ്രിയപ്പെട്ട കുപ്പായത്തിന്റെ
കുടുക്ക് പൊട്ടിയ വിഷാദഭരിതമായ സന്ദർഭം
വിവരിക്കുമ്പോഴാണ്
കീറിയ മുണ്ടുടുത്തൊരാൾ
രൂപ ചോദിച്ച്
എവിടെനിന്നോ ഞങ്ങളിലേക്ക് കേറിവന്നത്.
പണ്ടൊരിക്കൽ
ചോർന്നൊലിച്ച വീടിന്റെ ഉള്ളറയിൽ
വിശന്നു കരഞ്ഞ കാര്യം
കരഞ്ഞുതന്നെ അവതരിപ്പിക്കുമ്പോൾ
അമ്മ മരിച്ച ദുഃഖവാർത്തയുമായി
ഓടിക്കിതച്ച്
അവനെവിടെ നിന്നാണ് വന്നത്?
വെച്ചുകുത്തിയ കാലുമായി
ക്ലാസിലെത്തിയപ്പോൾ
പാമ്പ് കടിച്ച പയ്യനെ
ആശുപത്രിയിലെത്തിക്കാൻ
പെടാപ്പാട് പെടുന്നവർ.
