വഴിക്കണക്ക്

Poem

വഴിക്കണക്ക്


ഴ കുടയ്ക്കകത്തേക്ക് 
നൂണുകയറിയപ്പോൾ
കടത്തിണ്ണയിലേക്ക് കയറിനിന്നു.
ഓടിക്കയറിയ കടത്തിണ്ണയിലേക്ക്
ഒരു പൂച്ചയും പാഞ്ഞുകയറി.
അതിന്റെ എഴുന്നുനിന്ന രോമങ്ങൾ
മഴ തൊട്ട ചെറുപുല്ലുകൾ പോലെ 
തലയുയർത്തിനോക്കി.
അതിന് എന്റെ നനഞ്ഞ നില്പു കണ്ട് ഭയം.
ഏതോ മാളത്തിൽ അതിന്റെ ഇര
നനയാതെ ഇരിപ്പുണ്ടാകും.
അതിനപ്പോൾ മഴയില്ല, ഭയവും.
കണ്ണിൽപ്പെടുന്ന ഒരു നിമിഷത്തിന്റെ ഭയം 
ആയുഷ്കാലത്തെ മുഴുവൻ 
തോല്പിച്ചു കളയുമ്പോൾ ഇരയാകും.
ഇരയാക്കപ്പെടുന്നതിനെ 
വിശപ്പിന്റെ ഭാഷകൊണ്ട് 
തളച്ചിടാനാകുമോ?
വിശക്കുമ്പോഴൊക്കെ 
വഴി തെറ്റിയ കുഞ്ഞനെലിക്ക്
മാളത്തിലേക്കുള്ള വഴി 
കാണിച്ചുകൊടുക്കാനുള്ള ചോദ്യം 
ഞാൻ തെറ്റിച്ചു.
മുന പോയ പെൻസിൽ 
നെടുങ്ങനെയും കുറുങ്ങനെയും വരഞ്ഞു.
എനിക്കാ കുഞ്ഞനെ എങ്ങനെയെങ്കിലും 
കൂട്ടിലെത്തിക്കണമെന്നുണ്ട്.
പക്ഷേ
പൂച്ച അപ്പോഴേക്കും
എന്നെ നക്കിത്തുടച്ചു.

Summry: Vazhikkanakk, poem by Sreejaya C M


Related Articles