വിൻസെന്റ് വാൻഗോഗിനെക്കുറിച്ചുള്ള കലാപുസ്തകങ്ങളുടെയും ജീവചരിത്രങ്ങളുടെയും നോവലുകളുടെയും കവിതകളുടെയും സിനിമകളുടെയും പ്രളയം ഒരു പ്രതിഭാസത്തിൽ കുറഞ്ഞ് മറ്റൊന്നുമല്ല. ജീവിതകാലത്തെ (1853-1890) ദാരിദ്ര്യവും യാതനയും വച്ചുനോക്കുമ്പോൾ, ഒരു വിശേഷാൽ പ്രതിഭാസം. 1942-ൽ വാൻഗോഗിനെക്കുറിച്ചുള്ള 777 പുസ്തകങ്ങളുടെ ഗ്രന്ഥസൂചി തയ്യാറാക്കിയ ഒരു കലാപണ്ഡിതന്റെ കഠിനശ്രമത്തിനുശേഷം, 1955 വരെ വന്നവ രേഖപ്പെടുത്താൻ മെനക്കെട്ട എഡ്വേർഡ് ബക്ക്മാൻ എന്ന പണ്ഡിതൻ, ശേഖരിച്ച കാറ്റലോഗുകളുടെ കൂനയിൽ താൻ അടക്കം ചെയ്യപ്പെട്ടുപോകുമോ എന്ന് കുസൃതി പറയുകയുണ്ടായി. ജീവിതകാലത്ത്, സഹോദരൻ തിയോയും എമീൽ ബെർണാർ എന്ന സുഹൃദ്ചിത്രകാരനും ഒഴികെ സകലരാലും അവഗണിക്കപ്പെട്ട ആ ചിത്രകാരനെ കാലം സ്‌നേഹിച്ചാദരിച്ചത് ഇങ്ങനെയാണ്. (കുറച്ചുവർഷങ്ങൾ മുമ്പ് ആംസ്റ്റർഡാമിൽ വാൻഗോഗ് മ്യൂസിയത്തിനും റൈക്ക്‌സ്മ്യൂസിയത്തിനുമിടയിലെ തെരുവുകളിൽ തഴച്ചുവളർന്ന് ആകാശം മുട്ടിയ 'വാൻഗോഗ് വ്യവസായശാലകൾ' കണ്ടപ്പോൾ കരയണോ ചിരിക്കണോ എന്നറിയാതെ ശിലാപ്രതിമപോലെ നിലകൊണ്ട മുഹൂർത്തം ഇപ്പോഴും ഓർമ്മയിൽ). കഴിഞ്ഞ നാലഞ്ചുകൊല്ലത്തിനുള്ളിൽ മലയാളത്തിൽത്തന്നെ ജീവിതകഥയായും നോവലായും കവിതകളായും ഒരു ഡസൻ പുസ്തകങ്ങളെങ്കിലും പുറത്തുവന്നു.
വാൻഗോഗിന്റെ ജീവിതത്തെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും വിവിധ ഭാഷകളിൽ എഴുതപ്പെട്ട് ഇംഗ്ലീഷിലൂടെ വന്ന അസംഖ്യം കവിതകളിൽ മുപ്പത് ഒന്നാന്തരം കവിതകളെങ്കിലും വായിച്ചിട്ടുണ്ട്; അതിന്റെ ഇരട്ടിയെങ്കിലും മോശം കവിതകളും. (ഉള്ളതുപറഞ്ഞാൽ ഈ മോശം കവിതകൾ പോലും അവ വാൻഗോഗിനെക്കുറിച്ചാകയാൽ എനിക്കിഷ്ടമാണ്!) ഴാക് പ്രെവേർ, ആൻ സെക്സ്റ്റൺ, പോൾ സെലാൻ, ചാൾസ് ബുക്കൗവ്‌സ്‌കി, അദം സഗയ്യേവ്‌സ്‌കി, ജാക്ക് മാർഷൽ, ലിയു സിയ എന്നിവരുടെ കവിതകൾ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതരുതെന്ന് സ്വയം വിലക്കിയിട്ടും 'വാൻഗോഗിന്റെ കാമുകിമാർ' എന്ന പേരിൽ ഒരു കവിത എന്നെത്തന്നെ കബളിപ്പിച്ച് പുറത്തുചാടുകയുമുണ്ടായി. ലൊറീൻ നീഡെക്കർ, ജെയ്ൻ ഫ്‌ളാൻഡേർസ് എന്നീ പേരുകേട്ട അമേരിക്കൻ കവികൾ വാൻഗോഗിനെക്കുറിച്ചെഴുതിയ കവിതകൾ എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് പ്രിയ സുഹൃത്തും വലിയൊരു വായനക്കാരനും വിവർത്തകനുമായ സച്ചു തോമസാണ്. ഒരു ശസ്ത്രക്രിയാവിദഗ്ധന്റെ മട്ടിൽ വിവർത്തനം പരിശോധിക്കുകയും ചെയ്തു. വാൻഗോഗ് കവിതാവിവർത്തന പരമ്പരയുടെ തുടർച്ചയാണിത്.
