ഉച്ചയുറക്കമുണർന്നു .
ഉമ്മറത്തെ കസേരയിൽ .
മടിയിലൊരു കുട്ടി
കാക്കി ട്രൗസറിൽ
നേരിയ മൂത്രമണം .
മുറ്റത്ത് ,
ചെരിഞ്ഞുപോയേക്കാവുന്ന
വെയിലിന്റെയെല്ലുകളിൽ
ചെമ്പൻ നായ്ക്കളുടെ
പിടിവലികൾ.
കുട്ടി പറയുന്നു ,
അച്ഛാ
ബൗ ബൗ .
ഒച്ചയുടെ ,
നായ്മുരൾച്ചയുടെ
കഷ്ണങ്ങളിൽ
കോഴികൾ ചിക്കുന്നു.
അകത്തു നിന്നും
ഓറഞ്ചു നിറമുള്ള
കോട്ടൺസാരി
മുറ്റത്തേക്കോടുന്നു.
കോഴികൾ ചിതറുന്നു.
