ഉമ്മ

Poem

ഉമ്മ


കറി മണക്കുന്ന ചുണ്ടുമായ് അമ്മയെൻ
കവിത വായിച്ചൊരുമ്മതന്നോർമ്മയിൽ.
കരയുമെന്നപ്പോൾ തോന്നിയെന്നാകിലും
കരളിനുള്ളം നിറഞ്ഞുഞാൻ നിന്നു പോയ്.

വയറുവേവും വിശപ്പും മറന്നു പോയ്.
കയറുപൊട്ടിച്ച ശാഠ്യവും തീർന്നുപോയ്.
കനവുകടലാസുതാളിലെയക്ഷര
കുരുവികൾക്കു ചിറകുമുളച്ചു പോയ്.

ഇരുളിലങ്ങേ മുറിക്കകത്തച്ഛനും,
ഇറയ മൂലയിൽ ചാഞ്ഞ കുഞ്ഞനുജനും
പഴയ തുണികളിൽ ചൂടുകായുന്നൊരു
പരൽമിഴികളിളക്കുന്ന പൂച്ചയും,
ഇതുവരെയൊന്നു വായിച്ചിടാത്തയെൻ
ഹൃദയമെങ്ങോ പറക്കുവാൻ വെമ്പവേ,
ഒരു പിടിച്ചോറിനുരുളയും കൊണ്ടമ്മ
പിറകിൽ വന്നു പറയുന്നതിങ്ങനെ
"അലറിവീഴുന്ന മഴയത്തു പോകുകിൽ
ഇവിടെയമ്മയ്ക്കുറക്കമുണ്ടാകുമോ..."


Related Articles