ഉൾത്താര

Poem

ഉൾത്താര



മൂന്ന് വഴികൾ
ഒന്നിക്കുമിടം.

അരികിൽ
ഏകാന്തമായ
പള്ളി.
പള്ളിമോണ്ടളത്തിൽ
വാഹനം കത്ത്
മൂന്നു പേർ.

തമ്മിൽ നോക്കാതെ,
വണ്ടി വൈകുകയാണോ
എന്നൊന്നും
പരസ്പരം
ഉൽക്കണ്ഠപ്പെടാതെ.

ചുറ്റിനും റബ്ബർമരക്കാടുകൾ
മൂന്ന് വഴികളും ശൂന്യം.
കാറ്റൊലി ഒഴികെ
ഒന്നുമില്ല.
ഉച്ചമയങ്ങും സൂര്യൻ.
കാറ്റിനോട്
വീശരുതെന്ന്
നിശ്ശബ്ദാകാശത്തിന്
പറയണമെന്നുണ്ട്.
അതു മനസ്സിലാക്കിയാവാം
കാറ്റ് പതിഞ്ഞ
പ്രാർത്ഥന പോലെ.

മൂവഴികളിലേതിൽ
നിന്നാണ്
ഞാൻ വന്നത്?
വണ്ടി കാക്കുന്നവർ
എന്നെ കാണുന്നുണ്ടോ ആവോ.
ആകുലതകളത്രയും
പള്ളിക്കുള്ളിലെ
ആളിനെക്കുറിച്ചാണ്.

ഒന്നിറങ്ങി വന്ന്
വണ്ടിയെന്താ
വൈകുന്നതെന്നോ
ഇന്നു മഴയുണ്ടാവുമോ
എന്നോ
മരുന്ന് വാങ്ങാൻ
പോവുകയാണോ
എന്നോ..

ഇല്ല.
പുറത്തേക്ക് വന്നതേയില്ല.

കാത്തിരുപ്പുകാരുടെ
വാക്കില്ലായ്മയെ
ഭഞ്ജിക്കാതെ
മോണ്ടളം കയറി
ഉള്ളിലേക്ക് നോക്കി.
ചുവന്ന സീറോ വെളിച്ചത്തിൽ
ഇരുൾക്കുരിശിൽ
ശിരോവലയിതം
വിഷാദമുനകൾക്കുതാഴെ
നേർത്ത ചുവപ്പിൽ
കണ്ണുകൾ
ഇരുൾപ്രാർത്ഥനകളിലേക്ക്
തുറന്ന്...

വണ്ടി വന്നു.
അരങ്ങിൽ നിന്ന്
അണിയറയിലേക്കെന്ന പോൽ
മൂവരും അതിനുള്ളിൽ
മറഞ്ഞു.
റബ്ബർമരക്കാടുകളിലൂടെ
കാലം തേങ്ങിയകന്നു.

എങ്ങും പോകുവാനില്ലാതെ
ഞാൻ ഉള്ളിലേക്ക്
നോക്കി.
എന്നിലേക്കൊന്ന്
വിങ്ങിയോ ആ കണ്ണുകൾ.
ആണിപ്പഴുതിൽ നിന്ന്
ഒരു തുള്ളി
രക്തമടർന്നുവോ.

മൂവഴികളും
ഒച്ചയില്ലാതെ
മരങ്ങൾക്കപ്പുറത്തേക്ക്
നീണ്ട് മറഞ്ഞു.
ഭൂതഭാവിവർത്തമാനങ്ങൾ
പോലവേ.

എങ്ങുമേ നിശ്ചലം.

നേർത്ത വെളിച്ചം
വിങ്ങുന്ന
അൾത്താരയിൽ നിന്ന്
ആണിപ്പഴുതിൽ നിന്ന് രക്തം പൊടിയുന്ന
ഒരു കൈ നീണ്ട്
എന്നെത്തൊട്ടു.

മോണ്ടളമിറങ്ങി
എങ്ങെങ്ങുമേയെന്നറിയാതെ
അലയുന്ന
ഉൾത്താരകളിലൂടെയും
ഏതു വഴിയും
ഒന്നെന്നപോൽ
ഏതോ വഴിയിലൂടെയും
ഞാൻ.

താണുവരുന്ന
സൂര്യൻ.
വെയിൽമഞ്ഞ.
ഇലകളിൽ
കാറ്റിന്റെ
ആലോലമാം പ്രാർത്ഥന.

A calm, thoughtful walk along empty paths and into a sunlit church, where stillness, memories, and brief traces of human presence merge into a gentle reflection on time, space, and inner yearning.


Related Articles