ചീവീടിൻ തലയോട്.
അതിലിപ്പോൾ തരിയില്ല സംഗീതം.
വണ്ടിന്റെ തോടെന്നൊരാൾ.
അതല്ലെന്നൊന്നും മിണ്ടിയില്ല, ഞാൻ.
എനിക്കുമാത്രമറിയാം
അത് ചീവീടിൻ തലയോട്.
ഇന്നലെ രാത്രി
അതുപാടിയതിന്നൊലി
ഇന്നുമുണ്ടെൻ തലയോടിൽ.
പാട്ടുകഴിഞ്ഞാകാം
പ്രാണിപിടുത്തക്കാരി രാപ്പക്ഷി
അതിനെത്തിന്നതെന്നതിനുണ്ടൊരേയൊരു തെളിവ്, ഞാൻ.
ഞാൻ മാത്രം.
ഉറക്കമില്ലായ്മയിൽത്തെന്നിത്തെന്നി നീങ്ങി
ജാലകക്കർട്ടനുയർത്തവേ,
ഇരുട്ടിൽ ഞെട്ടിക്കുമാ ദുരന്തം.
പാട്ടുനിലച്ചതറിഞ്ഞില്ല താരാജാലം,
ചന്ദ്രൻ,
ആവഴിയാകാശത്തൂടെപ്പോകും ഗന്ധർവ്വന്മാർ.
രാവിൻ മറയലിലെന്നും പകൽ വരുന്നതുകാണാൻ,
ധൃതിപ്പെട്ടുമുറ്റത്തിറങ്ങിയ ഞാൻ
എടുത്തുയർത്തി മാനത്തോളം
"Cheevidin Thalayodu" - Malayalam poem written by Sreekumar Kariyadu
