എന്റെ തൊലിക്ക് മൂന്നടരുകളുണ്ട്
ഒന്ന്, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ
രണ്ട്, സ്വപ്നങ്ങളുടെ
മൂന്ന്, മുറിവുകളും നിലവിളികളും കലർന്ന
ഒരു ജനക്കൂട്ടം തിങ്ങിപ്പാർക്കുന്ന ഒന്ന്.
ഞാനല്ലാത്തവരെല്ലാം
ജീവിച്ചുതീർത്ത കാടുകളും
ഉയർത്തിയെടുത്ത കല്ലുകളും വെളിച്ചങ്ങളും
കൂട്ടത്തോടെ ഒളിച്ച് പാർക്കുന്ന
ഒരു അപരലോകത്തിന്റെ ചുവരടര്
ഏറ്റവും അടിയിൽ
ചില്ലു പോലെ തിളങ്ങുന്ന ഒരടരു കൂടിയുണ്ട്.
ഞാൻ നടത്തിയ കൊലകളുടെയും
ഞെരിച്ചുകളഞ്ഞ പ്രാണികളുടെയും
ആത്മാവുകൾ വസിക്കുന്ന
ആവാസകേന്ദ്രങ്ങൾ മൂന്നാമടര്.
അതിൽ നിന്ന്
ഉറക്കെ നിലവിളിക്കുന്നു:
സമയത്തെ കാണാനില്ലെന്ന് ചിലർ
ഇരുട്ടിൽ നിന്ന് വെളിച്ചമടർന്നുപോയെന്ന് മറ്റുചിലർ.
