ഒരു തിര വരുന്നു,
പിന്നാലെ മറ്റൊന്നും.
ഇതിനിടയിലെപ്പോഴോ
ഞാൻ നിന്നെയും
നീ എന്നെയും കാണുന്നുണ്ട്.
പൊളിഞ്ഞു വീഴാറായ
കടൽപ്പാലത്തിൽ
മീൻ പിടിക്കാനിരിക്കുന്നവർ
ചൂണ്ടലിൽ
നമ്മെ കോർത്തെടുക്കുമെന്ന്
നീ പറഞ്ഞതും
ആകാശം പൊട്ടി.
മിന്നലിൽ ഒരു തെരുവ്.
കാറ്റിൽ ഒരു മരം.
പാലകത്തട്ടിൽ
ചെരിഞ്ഞു കിടക്കുകയാണ്
നമ്മളിപ്പോൾ.
നിന്റെ നിശബ്ദതയുടെ
താഴ്വരകളിൽ മഴ പെയ്യുന്നുണ്ട്.
എന്നിട്ടും
നിനക്ക് കേൾക്കാനായി
ഞാൻ ഉറക്കെ
നിർത്താതെ
പിടയ്ക്കുന്നു.
