ഞാൻ നിൽക്കേണ്ടിടത്ത്
നിൽക്കുന്നു വേറൊരാൾ
വേറൊരാൾ നിൽക്കേണ്ടിടത്ത്
നിൽക്കുന്നു ഞാൻ
പെട്ടെന്ന് ഈർഷ്യ തിളയ്ക്കുന്നു.
വഴിയും ഇടവും എന്നും പ്രശ്നമാണല്ലോ
'എവിടെ എവിടെ എന്റെ വഴി എവിടെ?'
'എവിടെ എവിടെ എന്റെ ഇടം എവിടെ?'
ചോദ്യം പൊട്ടിത്തെറിച്ചതിന്നുശേഷം
എന്നെ എനിക്കു വേറൊരാൾ ആയും
വേറൊരാളെ എനിക്ക് ഞാൻ ആയും
കാണാൻ കഴിയുമാറാകുന്നു
ഈർഷ്യയുടെ സ്ഥാനത്തു
മുളയ്ക്കുന്നു കൗതുകം
