വേനലിന്റെ വേവു നോക്കി
കാനലിൻ്റെ അരികുപറ്റി കിടപ്പാണ്.
ഒരു കയ്യിൽ തല വെച്ച്
മറുകൈകൊണ്ട് മുടി വകഞ്ഞ്
വളഞ്ഞു നീണ്ട കിടപ്പ്.
ഓരോ വകച്ചിലിലും
പനമ്പട്ടകളുടെ പിറുപിറുപ്പ്.
ഉപ്പന്മാരുടെ കലകലപ്പ്.
കാലിടറിയോടുന്ന
കരിമ്പൻമേഘങ്ങളെ തടുത്തു വച്ച്
മോന്താനിത്തിരി തന്നിട്ടു പോ
മക്കളേ എന്നു പേശി
ലഹരി നുരഞ്ഞു തലപെരുകി
പിന്നെയും മയങ്ങി
മല.
മുറുക്കിപ്പശങ്ങിയ ചെന്നീര്
ഒലിച്ചിറങ്ങി നിലം ചോപ്പിച്ചതു
കണ്ടിട്ടും കാണാതെ
ഇത്തിരി പച്ചപ്പെടുത്ത്
മേലാകെ പുതച്ച്
എന്തൊരുഷ്ണമെന്ന് പ്രാകി പ്രാകി
വെയിൽ മുറിഞ്ഞ കാടിൻ്റെ
അരികുപറ്റി ഒരേ കിടപ്പാണ്
മല.
മക്കളെ കാക്കുന്ന കാവും അമ്മയും
ഉച്ചികയറി കാടിളക്കിവെച്ച കുടിയും
തേരും തിറയും ആളും മാളും
കാലുകുത്തി വടികുത്തി
എന്തൊരു കയറ്റമെന്ന്
പ്രാകി പ്രാകി കയറുമ്പോഴും
കാലൊന്ന് നോവാതെ വേവാതെ
കണ്ണൊന്നിടറാതെ കാക്കലാണ്
മല.
