ദാലിയെത്തേടുന്ന ഭ്രാന്തൻ

Poem

ദാലിയെത്തേടുന്ന ഭ്രാന്തൻ



ഭൂമിയെത്തൊട്ട് തുമ്പിയായ്മാറ്റിയ
ദാലിയെക്കണ്ടുമുട്ടുവാനായിതാ
നൂലുപാലം കടന്നുപോകുന്നവൻ
നാലുദിക്കും മറന്നപോലങ്ങനെ.

ചൂടുകൂടിയ പൂക്കൾക്ക് കാടുക-
ളാകുവാനുള്ള മോഹം കുലഞ്ഞിടും
താടിമീശകൾ മാടിയും, തന്മുടി-
മൂടിനിൽക്കുന്ന മേഘം തലോടിയും

ബോധജീവിതം കെട്ട് വിളക്കുകൾ-
കാകരൂപമെടുക്കുന്ന കാലുകൾ.
ദൂരെദൂരെനിന്നെത്തുന്ന വണ്ടിയിൽ
തീ, യരയന്ന, മാന, ഭൂതങ്ങളും*

ധ്യാനനിഷ്ഠമായ് മാറുന്ന റോസുകൾ*
വീനസിന്റെ വലിപ്പുകൾ* സോഫകൾ*
കത്തിനിൽക്കും ജിറാഫുകൾ* ട്യൂണകൾ*
നിത്യമോർമയുരുകുന്ന വാച്ചുകൾ*

സ്വപ്‌നപാതകളൂടുവഴികളായ്-
ച്ചുറ്റിനീളും ഞരമ്പിന്റെ കോട്ടയിൽ
നിൽപ്പു, ദാ ദൂരെ, സാൽവദോർ ദാലിയും
പൊക്കിനിർത്തിയ മീശയും, ഗാലയും.**


* സാൽവദോർ ദാലിയുടെ വിവിധ പെയിന്റിങ്ങുകളുടെ സൂചന
** ദാലിയുടെ ഇഷ്ടപ്രാണേശ്വരിയായ ഗാല

Sreekumar Kariyadu’s “Daliyethedunna Bhrantan” (The Madman Seeking Dali) is a surreal poem that explores the thin boundary between creativity and madness through a visionary journey into Salvador Dalí’s dreamlike world.


Related Articles