വീട് സ്വപ്നംകാണുന്നു

Poem

വീട് സ്വപ്നംകാണുന്നു



മരണവീട്ടിൽ നിന്ന്
ഒടുക്കമിറങ്ങുന്ന അതിഥിയെപ്പോലെ
ഒരു പകൽകൂടിയൊടുങ്ങുന്നു.
ഞാവൽ മരച്ചുവട്ടിൽ നിന്നും
കസേര വലിച്ചിട്ട് ഞാൻ
ഉമ്മറത്തേക്കിരിക്കുന്നു.
ജമന്തിയുടെ ചുവട്ടിൽ
വാടിക്കരിഞ്ഞ പൂവിൻജഡം
ഉറുമ്പുകളെടുത്ത്
വേനലിനെക്കുറിച്ചൊരു കവിത
മണ്ണിൽ എഴുതി വെയ്ക്കുന്നു.
ആകാശത്തിനു
കുറുകെ കെട്ടിയ വൈദ്യുതിക്കമ്പിമേൽ
ചിറക് തട്ടിയൊടുങ്ങിയ വവ്വാലിന്റെ
തലകീഴായ് മറിഞ്ഞ
കറുത്ത പ്രാർത്ഥനയെ
കറ്റെടുത്ത്
പകലിന്റെ വെളുത്ത കോട്ടിൽ
തിരുകി വെയ്ക്കാൻ
വ്യഥാ കിണഞ്ഞു വിയർക്കുന്നുണ്ട്.
വെയിൽ കൊത്തി വെന്ത
ഒറ്റയടിപ്പാതയിലൂടെ
നടന്നു പോകുന്നു ആ പെൺകുട്ടി !
ഇന്നലേയും അവൾ
ഇതേ വഴി തന്നെയാണ് പോയത്.
അതേയിരിപ്പിൽ ഞാൻ
ഒടുക്കത്തെ പറവയും
ആകാശത്തെ കൊത്തിപ്പറക്കുന്നത്
വെറുതെ നോക്കി നെടുവീർപ്പിട്ടു.
ഏകാന്തമായ ദ്വീപിൽ
ഒറ്റപ്പെട്ട യാത്രികനെപ്പോലെ
ഞാൻ വീട്ടിൽ തനിച്ചിരിക്കുന്നു.
ഈ രാത്രിയിൽ
ഒരാളെങ്കിലും അതിഥിയായ് വരുമെന്ന്
വീട് സ്വപ്നം കാണുന്നുണ്ടാവണം.
എല്ലാ വാതിലുകളും
ഞാനിതാ തുറന്നു വെയ്ക്കുന്നു.
അറിയാതെ തന്നെ
എന്നിൽനിന്നും നിർഗമിച്ച
ചുടുനിശ്വാസങ്ങൾക്ക്
ചിറകുകൾ മുളച്ച്
പലതരം പറവകളായി
ആകാശത്തേക്ക് പറന്നുയരുന്നത്
അതിശയത്തോടെ നോക്കി
ഞാൻ അൽഭുതം കൂറുന്നു.

A quiet, introspective meditation on solitude, fleeting presence, and the delicate interplay between human longing and the fleeting beauty of life, expressed through vivid natural and domestic imagery.


Related Articles