പ്രേതഭാഷണം

Poem

പ്രേതഭാഷണം


വിരൽക്കലപ്പയാൽ
നീ ഉഴുതുമറിച്ച എന്റെ പുറം.
ചുരം കയറിവരും വെയിലുപോൽ
തുടുത്ത ചുണ്ടുകൾ.
അഴികളില്ലാത്ത ജനാലയിൽ
കയറി ഇരിക്കുന്ന കാലുകൾ.
അഴിഞ്ഞുവീണ സാരിയിൽ
നിന്നവിടമാകെ പടരും അടമ്പുകൾ.
ഒരു നിഴൽമാത്രം പൊഴിഞ്ഞ മുറ്റം.
കാറ്റുവന്ന വഴിയറ്റം നമുക്ക്
കുളിർ കൊടുത്തുവിട്ട
കായൽ.
പൂപ്പരുത്തി
ചെരിച്ചു കുത്തിയ
കുട.
അതിനടിയിൽ
നാം തുഴഞ്ഞ തോണി.
പോളകളിൽ
വയലറ്റ് പൂക്കൾ.
മുകളിൽ ഒറ്റ കൊറ്റി.
തെങ്ങുകളിൽ മാട്ടം പൊക്കാനെത്തിയ
സന്ധ്യ.

നിന്റെ ലോറി
വളഞ്ഞു കയറിവന്ന
കാപ്പിത്തോട്ടം.
അതിരിൽ
നെല്ലിമരത്തിൻ ചുവട്ടിലെ
എന്റെ വീട്.
കിഴക്കുമാറി
കിണർ
കിണറ്റുവക്കിൽ
പാളത്തൊട്ടി.
അകലെയല്ലാതെ
അലക്കുകല്ല്
അതിനടിയിൽ
വാരസോപ്പ്.

അവർ കാണുമ്പോൾ
എന്റെ കണ്ണുകളിൽ
രണ്ട്
നെറ്റിയേ പൊന്നൻമാർ
ഉണ്ടായിരുന്നത്രെ!
മുലകളിൽ നീർപ്പോളകളും
തുടയിടുക്കിൽ മയങ്ങുന്ന
നീർക്കോലിയും
പൊക്കിളിൽ ഞണ്ടുകളും!
നീ നുണഞ്ഞ
ചുണ്ടുകൾ
ചീർത്തടർന്നു പോയിരുന്നത്രെ!


Related Articles