ദൈവത്തിനെ
വിരുന്നിന് വിളിക്കണമെന്ന്
ഒരു പാട് കാലമായി നിനയ്ക്കുന്നു.
ഒരുക്കുന്നതെല്ലാം
കുറഞ്ഞു പോകുമോ,
വിളിച്ചാൽ ദൈവം വരുമോ
എന്നിത്യാദി ശങ്കകളാൽ
അതങ്ങ് നീണ്ടു.
എന്റെ ഉള്ളിലിരിപ്പറിഞ്ഞിട്ടാവണം
നിലാവുള്ള ഒരു രാത്രിയിൽ
ആകാശത്തിലെ
നക്ഷത്രങ്ങളെ നോക്കി
ഉമ്മറത്തിരിക്കുമ്പോൾ
വിശ്വസിക്കാൻ കഴിഞ്ഞില്ല
അതാ, പടവുകൾ കയറി വരുന്നു
അതുവരെ കാണാത്ത ദൈവം..
നിന്ന നിൽപ്പിൽ ഞാൻ
കോരിത്തരിച്ചു പോയ്.
ഒരു തൂവൽ കയ്യിലെടുക്കുന്നതുപോലെ
ദൈവമെന്നെ കോരിയെടുത്ത്
നൃത്തം ചെയ്യാൻ തുടങ്ങി.
അരുമയോടെ
ചുംബിക്കാൻ തുടങ്ങി.
ആ രാത്രി മുഴുക്കെ
പാട്ടിന്റെ തൂവലുകൾ
മഴ കണക്കെ പെയ്തു.
ഒടുവിൽ
അത്താഴമുണ്ട്
ഒരേ പായയിൽ കിടന്നുറങ്ങി.
പിറ്റേന്ന് ഉണർന്നപ്പോൾ
ഞാൻ മുറ്റത്ത് കിടക്കുകയാണ്.
എന്റെ കൈയിലെ വറ്റിൻമണികളിൽ
ഉറമ്പുകൾ അരിച്ചു നടപ്പുണ്ട്.
മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട ആ കഠാരയും
വാഷ് ബേസിനിലെ ചോരയും
ആരുടെതെന്ന്
ദൈവത്തിന് മാത്രമേ അറിയൂ.
